കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: ബി.ജെ.പി എം.സി റോഡ‌് ഉപരോധിച്ചു

Sunday 13 September 2020 1:36 AM IST

കോട്ടയം : സ്വർണക്കടത്ത് കേസിൽ ഇ.ഡി ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി - യുവമോർച്ച - എ.ബി.വി.പി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ഗാന്ധിസ്‌ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി എം.സി റോഡിൽ എത്തി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഗതാഗതം തടസപ്പെട്ടതോടെ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത് നീക്കി. സംഘർഷത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ടി.ആർ അനിൽകുമാർ, സംസ്ഥാന സമിതി അംഗം എൻ.ഹരി,മേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ, ജില്ലാ വൈസ്.പ്രസിഡന്റ് കെ.പി ഭുവനേശ്, യുവമോർച്ച സംസ്ഥാന വൈസ്.പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ വാകത്താനം, നിയോജക മണ്ഡലം ജന.സെക്രട്ടറി വി പി മുകേഷ് തുടങ്ങിയവർക്ക് പരിക്കേറ്റു. അറസ്റ്റ് ചെയ്‌ത പ്രവർത്തകരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ജാമ്യത്തിൽ വിട്ടയച്ചു. രാവിലെ യുവമോർച്ച നേതൃത്വത്തിൽ എം.സി റോഡ് ഉപരോധിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് സോബിൻലാൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു ഉദ്ഘാടനം ചെയ്‌തു. എ.ബി.വി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. തുടർന്ന് മന്ത്രിയുടെ കോലം കത്തിച്ചു.