എക്സൈസ് ഓഫീസിൽ നിന്ന് തൊണ്ടിമുതൽ മുങ്ങിയ കേസ് ; വിജിലൻസിന് പിന്നാലെ പൊലീസ് അന്വേഷണവും

Sunday 13 September 2020 8:11 AM IST

കാസർകോട്: വിദ്യാനഗറിലെ എക്‌സൈസ് റേഞ്ച് ഓഫീസിൽ നിന്നും 106 ലിറ്റർ മദ്യം ലോക് ഡൗൺ കാലത്ത് മുക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് പിറകെ വിദ്യാനഗർ പൊലീസും അന്വേഷണം തുടങ്ങി. എക്‌സൈസ് കമ്മിഷണർ അനന്തകൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് കാസർകോട് ഡെപ്യൂട്ടി കമ്മിഷണർ വിനോദ് ബി. നായർ ക്രിമിനൽ നടപടിക്കായി പൊലീസിൽ പരാതി നൽകിയത്. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ചു അകത്തുകടന്ന് മദ്യം പുറത്തേക്ക് കടത്തിയതിന് ഐ.പി .സി 380 പ്രകാരമാണ് കേസെടുത്തത്.

മദ്യം കടത്തി സേവിക്കുകയും വിൽക്കുകയും ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥർ കുടുങ്ങുമെന്ന വിവരമാണ് പുറത്തുവരുന്നത്. ഏപ്രിൽ മാസമാണ് എക്‌സൈസ് റേഞ്ച് ഓഫീസിൽ നിന്ന് തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശ മദ്യം അപ്രത്യക്ഷമായത്. ഓഫീസിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിച്ചത്. വിവാദം ഉയർന്നതോടെ കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി .കെ.ദാമോദരന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് തൊണ്ടിയായി സൂക്ഷിച്ച വിദേശമദ്യത്തിൽ കുറവ് കണ്ടെത്തിയത്. പുറത്തു നിന്ന് ആരെങ്കിലും എത്തി കടത്താൻ സാദ്ധ്യത ഇല്ലാത്തതിനാൽ 'മദ്യക്കള്ളൻ' റേഞ്ച് ഓഫീസിനകത്തുള്ളവർ തന്നെയാണെന്ന നിഗമനത്തിലാണ് വിജിലൻസ് എത്തിച്ചേർന്നത്. പൂട്ട് പൊളിച്ചു കടന്നതിനാൽ മോഷണത്തിനും കേസ് എടുക്കാവുന്നതാണെന്ന് വിജിലൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

കൊണ്ടുപോയത് കർണാടക, ഗോവ മദ്യം 2019-20 കാലയളവിൽ 10 അബ്കാരി കേസുകളിൽ പിടികൂടി വിദ്യാനഗറിലെ റേഞ്ച് ഓഫീസിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന പാക്കറ്റിലും കുപ്പിയിലുമുള്ള വിദേശ മദ്യം ഉൾപ്പെടെയാണ് കാണാതായത്. ഗോവ, കർണാടക മദ്യമാണിത്. കേരള മദ്യത്തിന്റെ ഒരു ലിറ്ററിന്റെയും 500 മില്ലി ലിറ്ററിന്റെയും 50 ഓളം കുപ്പികളും കൂട്ടത്തിൽ കാണാതായതായാണ് വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. എക്‌സൈസ് ഓഫീസിൽ ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരിക്കും പൊലീസ് അന്വേഷണം.