ഖഷോഗി വധം: സൗദി കിരീടവകാശിയെ സംരക്ഷിച്ചത് താനാണെന്ന് ട്രംപ്

Sunday 13 September 2020 12:00 AM IST

വാഷിംഗ്ടൺ: മാദ്ധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംരക്ഷിച്ചുവെന്ന് പ്രശ്‌സത മാദ്ധ്യമപ്രവർത്തകൻ ബോബ് വുഡ്‌വാർഡിന്റെ വെളിപ്പെടുത്തൽ. ബോബിന്റെ ഏറ്റവും പുതിയ പുസ്തകമായ റേജിലാണ് ഇക്കാര്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

ബോബുമായി ട്രംപ് നടത്തിയ അഭിമുഖങ്ങളിലൊന്നിൽ, ഖഷോഗിയുടെ കൊലപാതകത്തിൽ ട്രംപ് സൽമാനെ ന്യായീകരിക്കുകയായിരുന്നു.‘ഞാൻ അവനെ രക്ഷിച്ചു’ എന്നായിരുന്നു ട്രംപിന്റെ പരാമർശം.

'യു.എസ് കോൺഗ്രസിൽ സൽമാനെതിരായുണ്ടായ പ്രതിഷേധത്തിൽ അദ്ദേഹത്തിനെ വെറുതെ വിടാൻ ഇടപെട്ടു. അവരുടെ പ്രതിഷേധം അവസാനിപ്പിച്ചു. അദ്ദേഹത്തിനെതിരായ വിമർശനങ്ങളെ തടയിടാൻ തനിക്കായെന്ന് ട്രംപ് വീമ്പിളക്കിയെന്നും പുസ്തകത്തിൽ പറയുന്നു.

സൗദി പൗരനും, അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായിരുന്ന സ്വതന്ത്ര മാദ്ധ്യമപ്രവർത്തകനായ ഖഷോഗി സൗദി അറേബ്യയുടെ തുർക്കി കോൺസുലേറ്റിൽ കൊല്ലപ്പെട്ടെന്ന വിവരം മൂന്നാഴ്ചയ്ക്ക് ശേഷമാണ് സൗദി സമ്മതിച്ചത്. ട്രംപ് ഇക്കാര്യത്തിൽ കരുതലോടെയും സംയമനത്തോടെയുമാണ് തുടക്കം മുതൽ സംസാരിച്ചിരുന്നത്.

ഖഷോഗിയുടെ കൊലപാതകം അമേരിക്കൻ നിയമനിർമ്മാതാക്കളിൽ കോളിളക്കമുണ്ടാക്കിയെങ്കിലും ട്രംപ് ഭരണകൂടം സൗദി അറേബ്യയ്ക്കൊപ്പം നിലകൊണ്ടു.