മെഡിക്കൽ കോളേജിന് സമീപം പെൺവാണിഭ സംഘം പിടിയിൽ

Sunday 13 September 2020 7:29 AM IST

തിരുവനന്തപുരം:നഗരത്തിൽ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് വാടക വീട്ടിൽ പെൺവാണിഭം നടത്തിയിരുന്ന സംഘം പിടിയിലായി. നടത്തിപ്പുകാരും ഇടപാടുകാരുമായ 9 പേരെ മെഡി.കോളേജ് പൊലീസ് അറസ്റ്റു ചെയ്തു. കുമാരപുരം സ്വദേശി ബാലു (50), ഗൗരീശപട്ടം സ്വദേശി വിജയ് മാത്യു(24), ശംഖുമുഖം സ്വദേശിനി (54), പൂന്തുറ സ്വദേശിനി (32), പോത്തൻകോട് സ്വദേശി സച്ചിൻ (21) വിഴിഞ്ഞം സ്വദേശി ഇൻഷാദ് (22) വെങ്ങാനൂർ സ്വദേശി മനോജ് (24), പ്ലാമൂട് സ്വദേശി അനന്തു(21) പൗഡിക്കോണം സ്വദേശി അമൽ (26), എന്നിവരാണ് പിടിയിലായത്. ബാലുവും വിജയ് മാത്യുവുമാണ് നടത്തിപ്പുകാർ. പിടിയിലായ സ്ത്രീകൾ സഹായികളാണ്. 'ലോക്കാന്റോ' സൈറ്റുവഴി ഓൺലൈനായാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ആർ.സി.സിയിലെ രോഗികൾക്ക് മുറി വാടകയ്ക്കു കൊടുക്കാനെന്ന വ്യാജേന 8 മുറികളുള്ള രണ്ടു നില വീട് വാടകക്കെടുത്തായിരുന്നു പെൺവാണിഭം. മെഡിക്കൽകോളേജ് ജംഗ്ഷനിലെത്തുന്ന ഇടപാടുകരെ സംഘാംഗങ്ങളെത്തി കൂട്ടികൊണ്ടുപോകും.

പൊലീസ് റെയ്ഡിൽ 80,900 രൂപ കണ്ടെടുത്തു. സൈബർ സിറ്റി അസി.കമ്മിഷണർ അനിൽകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്. ഐ പ്രശാന്ത്, പൊലീസുകാരായ രഞ്ജിത്ത്, പ്രതാപൻ, വിനീത്, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.