മൂത്രസാമ്പിളിൽ വെള്ളം ചേർത്ത് രാഗിണി

Sunday 13 September 2020 12:38 AM IST

ബംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി,​ ലഹരി പരിശോധനയ്ക്കുള്ള മൂത്രസാമ്പിളിൽ വെള്ളം ചേർത്ത് നൽകി തട്ടിപ്പിനു ശ്രമിച്ചതായി റിപ്പോർട്ട്.

തട്ടിപ്പ് കണ്ടുപിടിച്ച ഡോക്ടർമാർ ഉടൻ തന്നെ വിവരം സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു.

മല്ലേശ്വരത്തെ കെ.സി ജനറൽ ആശുപത്രിയിലാണ് രാഗിണിയെ ഡ്രഗ് ടെസ്റ്റിനായി കൊണ്ടുവന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്തുന്നതിനായാണിത്. മൂത്രസാമ്പിളിൽ വെള്ളം ചേർത്താൽ താപനില കുറയുകയും ശരീരോഷ്‌മാവിനു തുല്യമാകുകയും ചെയ്യും. മയക്കുമരുന്ന് ഉപയോഗിച്ചത് കണ്ടെത്താനാവില്ല.

നടി സാമ്പിളിൽ വെള്ളം ചേർത്തുവെന്ന് കണ്ടെത്തിയതോടെ വീണ്ടും സാമ്പിൾ നൽകാൻ ആവശ്യപ്പെടുകയും അതിൽ വെള്ളം ചേർത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കുകയും ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ നടിയെ ഹാജരാക്കിയപ്പോൾ ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചിരുന്നു.