രോഗമുക്തി വർദ്ധിക്കുന്നുവെന്ന് കേന്ദ്രം

Saturday 12 September 2020 10:50 PM IST

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുമ്പോഴും രോഗമുക്തരാകുന്നവരുടെ നിരക്ക് ഉയരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്​ച മാത്രം 81,533 പേരാണ്​ കൊവിഡ്​ ഭേദമായി ആശുപത്രിവിട്ടത്​. പ്രതിദിന കൊവിഡ്​ മുക്തരുടെ കണക്കിൽ ഏറ്റവും ഉയർന്ന നിരക്കാണിത്​. രാജ്യത്തെ ​ രോഗമുക്തി നിരക്ക്​ 77.77 ശതമാനമായി ഉയർന്നു. ഇതുവരെ 36,48,534 പേർ വൈറസിനെ അതിജീവിച്ചു.

മികച്ച രീതിയിലുള്ള പരിശോധനാ സംവിധാനവും നേരത്തെ രോഗം തിരിച്ചറിയുന്നതുമാണ് രോഗമുക്തി നിരക്ക് ഉയരാൻ കാരണമെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്​ട്രയിൽ കഴിഞ്ഞ ദിവസം 14,000 പേരാണ്​ രോഗമുക്തി നേടിയത്​. കർണാടകയിൽ 12,000 കൊവിഡ് മുക്തരായി.

ആകെ രോഗികൾ 46.88 ലക്ഷം. ഇതിൽ 9,58,​316 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ​ഇന്നലമാത്രം 97,570 കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഇതിൽ 24.000 ലധികം കേസുകൾ മഹാരാഷ്​ട്രയിലാണ്. ഇവിടെ ആകെ രോഗികൾ പത്തു ലക്ഷം കടന്നു. രാജ്യത്ത് ആകെ മരണം 77,768.