പ്രതിഷേധനടുവിൽ മന്ത്രി വസതിയിൽ ചോറൂൺ ചടങ്ങ്

Sunday 13 September 2020 12:57 AM IST

വളാഞ്ചേരി: തന്റെ രാജിയാവശ്യപ്പെട്ട് വളാഞ്ചേരി കാവുംപുറത്തെ വീടായ ഗസലിന് മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ പരമ്പരകൾ കനത്തപ്പോൾ വീടിന്റെ പൂമുഖത്ത് ചോറൂൺ ചടങ്ങ് നടത്തുകയായിരുന്നു മന്ത്രി കെ.ടി.ജലീൽ. നാട്ടുകാരനും സുഹൃത്തുമായ കാവുംപുറം പാതിരിക്കാട് രഞ്ജിത്ത്- ഷിബില ദമ്പതികളുടെ ഏക മകൻ ആദം ഗുവേരയുടെ ചോറൂണാണ് ശനിയാഴ്ച രാവിലെ പത്തരയോടെ മന്ത്രി നടത്തിയത്. മുൻകൂട്ടി തീരുമാനിച്ചിരുന്ന പരിപാടി പ്രതിഷേധങ്ങൾക്കിടയിലും മാറ്റിവെക്കാതെ നടത്തുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് രഞ‍്ജിത്ത് പറഞ്ഞു. മന്ത്രി ജലീലിനെ കൊണ്ടുതന്നെ കുട്ടിക്ക് ചോറ് കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നതിനാൽ മറ്റ് പ്രശ്നങ്ങളൊന്നും നോക്കിയില്ലെന്ന് കുട്ടിയുടെ മാതാവ് ഷിബില പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.പി.സക്കറിയ നിർദ്ദേശിച്ച പേരാണ് ആദം ഗുവേര. ചോറൂൺ ചടങ്ങിൽ കുട്ടിയുടെ അടുത്ത ബന്ധുക്കൾ പങ്കെടുത്തു.

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ച വൈകിട്ടാണ് മന്ത്രി ജലീൽ വളാഞ്ചേരിയിലെ വസതിയിലെത്തിയത്. ജലീലിന്റെ രാജിയാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും മന്ത്രി വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. വസതിക്ക് സമീപം നിലയുറപ്പിച്ച വൻ പൊലീസ് സന്നാഹം മാർച്ചുകൾ തടഞ്ഞു.