മറ്റുള്ളവർക്കില്ലാത്ത എന്ത് ആനുകൂല്യമാണ് ജലീലിനുള്ളതെന്ന് ചെന്നിത്തല

Sunday 13 September 2020 12:00 AM IST

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവച്ച മറ്റുള്ളവർക്ക് കിട്ടാത്ത എന്ത് ആനുകൂല്യമാണ് മന്ത്രി കെ.ടി. ജലീലിനുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു. ആ മന്ത്രിമാ‌രുടെ രാജിക്കുണ്ടായതിനെക്കാൾ ഗുരുതരമായ ആരോപണം ജലീലിനെതിരെ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ എല്ലാ അഴിമതികൾക്കും കുട പിടിച്ചുകൊടുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയ സാഹചര്യത്തിൽ മന്ത്രിസഭയ്ക്ക് തുടരാനുള്ള ധാർമ്മിക അവകാശം നഷ്ടമായി. പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രമാണ് സി.പി.എമ്മിന് ധാർമ്മികത.

പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിൽ പ്രതിയാകുമ്പോൾ അതേപ്പറ്റി അറിയില്ലെന്ന് പറയുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാൻ വിളിപ്പിച്ചാൽ അതുമറിയില്ല. സത്യം മാത്രം ജയിക്കുമെന്ന് പറഞ്ഞ് കള്ളം മാത്രം പറയുന്ന മന്ത്രിയാണ് ജലീൽ. രാവിലെ ചോദ്യം ചെയ്തതിനെപ്പറ്റി മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വാർത്ത വായിച്ച അറിവേയുള്ളൂവെന്നാണ് മന്ത്രി പ്രതികരിച്ചത്. ഉമ്മൻചാണ്ടി സോളാർ കമ്മിഷന് മുന്നിൽ പോയത് സി.പി.എമ്മുകാർ പറയുന്നു. ഉമ്മൻ ചാണ്ടി ആരുമറിയാതെയും ഒളിച്ചും പതുങ്ങിയുമല്ല പോയത്. ജുഡിഷ്യൽ കമ്മിഷന് മുന്നിൽ ഹാജരാകുന്നതും രാജ്യദ്രോഹക്കുറ്റത്തിന് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നതും രണ്ടാണ്.

സംസ്ഥാനചരിത്രത്തിലാദ്യമായാണ് ഒരു കേന്ദ്ര ഏജൻസി രാജ്യദ്രോഹക്കുറ്റത്തിന് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ എന്തുകൊണ്ടാണ് നാലാൾ അറിഞ്ഞ് സ്വന്തം കാറിൽ അവിടെ ഹാജരാകാതിരുന്നത്? സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് വിധേയമാകുമെന്ന് കണ്ടപ്പോഴാണ് സ്വന്തം സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മുഖ്യമന്ത്രി പുറത്താക്കിയത്. ആ സമീപനം എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിലില്ലെയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.