പീഡനം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ലൈബീരിയ

Monday 14 September 2020 12:19 AM IST

മോൺറോവിയ: ലൈംഗിക പീഡനം 'ദേശീയ ദുരന്ത'മായി പ്രഖ്യാപിച്ച് ലൈബീരിയ. ലൈബീരിയൻ തലസ്ഥാനമായ മൺറോവിയയിൽ വർദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകൾക്കെതിരെ കഴിഞ്ഞ മാസം ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് പ്രസിഡന്റ് ജോർജ് വിയ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് ഒരു സമ്മേളത്തെ അഭിസംബോധന ചെയ്യവേയാണ് പ്രസിഡന്റ് ലൈംഗിക അതിക്രമത്തിനെതിരായ നടപടികൾ പ്രഖ്യാപിച്ചത്.

വർദ്ധിച്ച് വരുന്ന ബലാത്സംഗക്കേസുകളുടെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി സ്ഥാപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ലൈംഗിക, ലിംഗാധിഷ്ഠിത അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ 'ദേശീയ സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സ്' സ്ഥാപിക്കാനൊരുങ്ങുകയാണ്.

കടുത്ത യുദ്ധക്കെടുതികളും എബോള വൈറസും മൂലം വലഞ്ഞ ലൈബീരിയയിലെ ബലാത്സംഗ നിരക്ക് ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 803 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തതായി ഐക്യരാഷ്ട്രസംഘടന റിപ്പോർട്ടിൽ വ്യക്തമാക്കി. ലൈംഗിക അതിക്രമ കേസുകളിൽ രണ്ട് ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നും റിപ്പോർട്ടിലുണ്ട്.