ചരിത്രത്തിന്റെ പ്രൗഢിയിൽ അരുവിപ്പുറം
നെയ്യാറ്റിൻകര: കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ സംഭവമാണ് ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് നടത്തിയ ശിവലിംഗ പ്രതിഷ്ഠ. കുമാരഗിരി കുന്നിലാണ് പ്രതിഷ്ഠ നടത്തുന്നതിനു മുമ്പായി ഗുരുദേവൻ തപസിരുന്നത്. അരുവിപ്പുറം തീർത്ഥാടന സർക്യൂട്ട് പദ്ധതിയിൽ ഇടം തേടുന്നതോടെ ഈ രണ്ട് പുണ്യസ്ഥലങ്ങളും ദേശീയശ്രദ്ധ നേടും.
പുണ്യചരിത്രം
ഗുരുവിന് ആദ്യം താമസമൊരുക്കിയത് നാണുവാശാനാണെന്ന് ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറയുന്നു. 1888 മാർച്ച് 11ന് ശിവരാത്രി ദിനത്തിൽ അരുവിപ്പുറത്തെ വാവുട്ടിയോഗക്കാരുടെ സാന്നിദ്ധ്യത്തിൽ ഗുരുദേവൻ അരുവിപ്പുറത്ത് സർവജാതി മതസ്ഥർക്കും പ്രവേശനം നൽകി ശിവലിംഗ പ്രതിഷ്ഠ നടത്തി. നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്നു മുങ്ങിയെടുത്ത ശിലയെ ശിവലിംഗ സ്വരൂപമായി സങ്കല്പിച്ച് പ്രതിഷ്ഠിക്കുകയായിരുന്നു. തുടർന്ന് അരുവിപ്പുറത്ത് ഗുരു മഠം സ്ഥാപിച്ചു. ഇവിടത്തെ പ്ലാവിൻ ചുവട്ടിലിരുന്ന് ഗുരു 1903 ജനുവരി 7ന് എസ്.എൻ.ഡി.പി യോഗത്തിന് രൂപം നൽകി. മഹാകവി കുമാരനാശാൻ ആദ്യ ജനറൽ സെക്രട്ടറിയുമായി.
കൊടിതൂക്കി മല
കൊടിതൂക്കി മല പിന്നീട് കുമാരഗിരിയായി അറിയപ്പെട്ടു. എല്ലാ ശിവരാത്രി ഉത്സവകാലത്തും ശിവഗിരി തീർത്ഥാടന കാലത്തും ഇവിടെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കുമാരഗിരി കുന്നിന്റെ മറുവശത്താണ് ഗുരു തപസിരുന്ന ഗുഹ. ഗുരുവിന്റെ നാമധേയത്തിലുള്ള ആദ്യ ക്ഷേത്രം ഇവിടെയാണെന്ന പ്രത്യേകതയും കുമാരഗിരി കുന്നിനുണ്ട്.