തനിക്കും കുടുംബത്തിനുമെതിരെ നീചമായ ആക്രമണം: മന്ത്രി ഇ.പി. ജയരാജൻ

Tuesday 15 September 2020 12:00 AM IST

കണ്ണൂർ: ചില രാഷ്‌ട്രീയ എതിരാളികളും ഒരു മാദ്ധ്യമവും ചേർന്ന്‌ തനിക്കും കുടുംബത്തിനുമെതിരെ നീചമായ ആക്രമണം നടത്തുകയാണെന്ന്‌ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഭാര്യയ്‌ക്കും മക്കൾക്കുമെതിരെ പോലും മനസാക്ഷിക്ക്‌ നിരക്കാത്ത ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. ഇതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഒരു മാദ്ധ്യമധർമവും കണക്കിലെടുക്കാതെ ഭാര്യയ്ക്കെതിരെ ഒരു പത്രം

തിങ്കളാഴ്‌ച മെനഞ്ഞ വാർത്ത ഇതിനു തെളിവാണ്‌. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തിൽ പങ്കെടുത്ത മന്ത്രി തോമസ്‌ ഐസക്കിന് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഞാൻ ക്വാറന്റൈനിൽ ആയിരുന്നു. ഭാര്യ ക്വാറന്റൈനിലായിരുന്നില്ല. പേരക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച്,‌ ലോക്കറിലുള്ള കുട്ടികളുടെ ആഭരണം എടുക്കാനാണ്‌ ഭാര്യ ബാങ്കിൽ പോയത്‌. പൂർണമായും കൊവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു എല്ലാ ഇടപാടുകളും നടത്തിയത്‌. ഈ വസ്‌തുതകൾ മറച്ചുവച്ചാണ്‌ ധാർമികതയുടെ കണികപോലുമില്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്‌. ഒരു സ്‌ത്രീയെ വ്യക്തിഹത്യ നടത്താൻ മടികാണിക്കാത്ത നെറികെട്ട നിലപാട്‌ ഒരു മാധ്യമത്തിനും ചേർന്നതല്ല. ഒരുതരത്തിലുള്ള അനാവശ്യവിവാദങ്ങളിലും എന്റെ കുടുംബം ഇതുവരെ ഉൾപ്പെട്ടിട്ടില്ല. മക്കൾ മാന്യമായി ജോലി ചെയ്‌തു ജീവിക്കുന്നവരാണ്‌. മകനെതിരെയും അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച്‌ പുകമറ സൃഷ്‌ടിക്കുന്നു. മാദ്ധ്യമം നൽകിയ അടിസ്ഥാനരഹിത വാർത്ത എൻഫോഴ്‌സ്‌മെന്റ്‌ റിപ്പോർട്ടാണെന്ന രീതിയിൽ ബി.ജെ.പി അദ്ധ്യക്ഷൻ വാർത്താസമ്മേളനം നടത്തി പറഞ്ഞത്‌ പരിഹാസ്യമാണ്‌. മകന്‌ ഒരറിവുമില്ലാത്ത വിഷയങ്ങളിൽ അഴിമതി ആരോപിക്കുന്നത്‌ ക്രൂരമാണ്‌. പത്രത്തിനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനുമെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇ.പി. ജയരാജൻ വ്യക്തമാക്കി.