ഭാവി വരനൊപ്പം സെൽഫിയെടുക്കവെ യുവതി വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയിൽ വെള്ളച്ചാട്ടത്തിന് സമീപം ഭാവി വരനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ തെന്നി വീണ് ഇന്ത്യൻ യുവതി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനിയും സോഫ്ട്‌വെയർ കമ്പനി ജീവനക്കാരിയുമായ പോളവരപ് കമലയാണ് (27) മരിച്ചത്.
അറ്റ്‍ലാന്റയിലുള്ള ബന്ധുക്കളെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കമലയും ഭാവി വരനും ബാൽഡ് റിവർ വെള്ളച്ചാട്ടത്തിന് സമീപം വാഹനം നിർത്തുകയായിരുന്നു. അവിടെ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വഴുതി വീഴുന്നതെന്നാണ് റിപ്പോർട്ട്. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും കമലയുടെ ജീവൻ രക്ഷിക്കാനായില്ല.
യുവാവിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രക്ഷാപ്രവർത്തകർ അബോധാവസ്ഥയിലായ നിലയിൽ കമലയെ കണ്ടെത്തുന്നത്. ഉടൻ തന്നെ സി.പി.ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമലയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എൻജിനിയറിംഗ് ബിരുദധാരിയ കമല ഉന്നത പഠനത്തിനായാണ് അമേരിക്കയിലേക്ക് പോയത്. കമലയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായവും ചെയ്യുമെന്ന് തെലുഗു അസോസിയേഷൻ പറഞ്ഞതായി കമലയുടെ പിതാവ് വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് കമലയുടെ കുടുംബം കഴിയുന്നത്.