പട്ടയം വാങ്ങാൻ സഹോദരിമാരെത്തിയത് അച്ഛന്റെ ഛായാചിത്രവുമായി
തൊടുപുഴ: അരനൂറ്റാണ്ടോളം പോരാടിയിട്ടും ലഭിക്കാത്ത ഭൂമിയുടെ അവകാശം കിട്ടിയത് കാലശേഷം പെൺമക്കൾക്ക്. അവരത് വാങ്ങാനെത്തിയത് പ്രിയപ്പെട്ട അച്ഛന്റെ ച്ഛായാചിത്രവുമായി. പടിഞ്ഞാറെ കോടിക്കുളം വട്ടക്കുന്നേൽ കിളിയൻ ചോഴന്റെ രണ്ട് പെൺമക്കളായ ജലജ അപ്പുക്കുട്ടനും ബിന്ദു മണിയുമാണ് അച്ഛന്റെ ചിത്രവുമായി പട്ടയം വാങ്ങാനെത്തിയത്. 1971ലാണ് കിളിയൻ ചോഴനും കുടുംബവും പടിഞ്ഞാറെ കോടിക്കുളത്ത് കുടിൽ കെട്ടുന്നത്. പിന്നീട് പലവട്ടം വീട് പൊളിച്ച് മാറ്റപ്പെട്ടു. ഒന്നിലും തളരാതെ അവിടെത്തന്നെ പിടിച്ചു നിന്നു. പിന്നീട്, കമ്മ്യൂണിസ്റ്റ് നേതാവായ വഴിത്തല ഭാസ്‌കരന്റെ സഹായത്തോടെ ഇവിടെ ഹരിജൻ കോളനിയാക്കി. എന്നിട്ടും എത്രയോ വർഷത്തിന് ശേഷമാണ് ഇപ്പോൾ തങ്ങൾക്കും കോളനിക്കാർക്കും പട്ടയം കിട്ടുന്നതെന്ന് ഇവർ പറയുന്നു. പട്ടയത്തിന് വേണ്ടി കിളിയൻ ചോഴൻ ഒരുപാട് ഓടി നടന്നെങ്കിലും ലഭിച്ചില്ല. മൂന്ന് വർഷം മുമ്പായിരുന്നു അദ്ദേഹത്തിന്റെ മരണം.