യു.എ.ഇ, ഇസ്രയേൽ സമാധാന ഉടമ്പടി ഒപ്പുവയ്ക്കൽ ഇന്ന്

Tuesday 15 September 2020 1:54 AM IST

ടെൽ അവീവ്: ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യു.എ.ഇയിലെ ഉന്നതതല പ്രതിനിധി സംഘവും വാഷിംഗ്ടണിൽ എത്തി. നെതന്യാഹുവിനൊപ്പം ഭാര്യ സാറയുമുണ്ട്.

‘ഒരു മാസത്തിനുള്ളിൽ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാൻ നമുക്കായി.ഇത് ഊഷ്മളമായ സമാധാനം ആയിരിക്കും, നയതന്ത്ര സമാധാനത്തിന് പുറമെ സാമ്പത്തിക സമാധാനവും രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാനവുമായിരിക്കും.'-കാബിനറ്റ് മീറ്റിംഗിൽ നെതന്യാഹു പറഞ്ഞു.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് യു.എ.ഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയിദ് നഹ്യാനാണ് കരാറിൽ ഒപ്പുവയ്ക്കുക. യു.എ.ഇ കാബിനറ്റ് അംഗവും സാമ്പത്തികകാര്യ മന്ത്രിയുമായ അബ്‍ദുല്ല ബിൻ തൌക്ക് അൽമറി, സാമ്പത്തികകാര്യ സഹമന്ത്രി ഉബൈദ് ബിൻ ഹുമൈദ് അൽ തായിർ, അന്താരാഷ്‍ട്ര സഹകര മന്ത്രാലയത്തിലെ സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹഷ്‍മി എന്നിവർക്കൊപ്പം നിരവധി ഉദ്യോഗസ്ഥരും അമേരിക്കയിലെത്തിയിട്ടുണ്ട്.

ബഹ്റൈനും ഇസ്രയേലും ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായി നാലു ദിവസം കഴിഞ്ഞിരിക്കെയാണ് കരാറുകളിൽ ഒപ്പുവയ്ക്കാനൊരുങ്ങുന്നത്.

ഇസ്രയേൽ - യു.എ.ഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതിൽ പാലസ്തീൻ അറബ് ലീഗിനെതിരെ വിമർശനം ഉന്നയുച്ചതിനു പിന്നാലെയാണ് ബഹ്റൈനും ഇസ്രയേലുമായി ധാരണയിലെത്തുന്നത്.