പ്രധാനമന്ത്രി, രാഷ്ട്രപതി അടക്കം ഇന്ത്യക്കാരെ നിരീക്ഷിച്ച് ചൈന

Tuesday 15 September 2020 2:19 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ എന്നിവ ഉപയോഗിച്ച് ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവരശേഖരണ കമ്പനിയായ ഷെൻഹായി ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കുന്നതെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ശശിതരൂർ എം.പി, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, ഇവരുടെയൊക്കെ കുടുംബാംഗങ്ങൾ, എം.പി ശശിതരൂർ ഉൾപ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, സർവീസിലുള്ളതും വിരമിച്ചതുമായ സൈനിക ഉദ്യോഗസ്ഥർ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്.

വാർത്തയോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ആരെയും ചൈനീസ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.