ചരിത്രം കുറിച്ച് മൺസൂൺ സമ്മേളനം
ന്യൂഡൽഹി: സാമൂഹിക അകലം ഉറപ്പാക്കിയും ഇരുസഭകളിലുമുള്ളവർ രണ്ടിടത്ത് ഇരുന്നും പാർലമെന്റ് സമ്മേളനം ചരിത്രം കുറിച്ചു. ആദ്യമായാണ് ഇരുസഭകളും വ്യത്യസ്ത സമയങ്ങളിൽ ചേർന്നത്.
ഇന്നലെ രാവിലെ 9 മുതൽ 1 മണിവരെയായിരുന്നു ലോക്സഭ ചേർന്നത്. പ്രത്യേക മൊബൈൽ ആപ്പ് വഴി എം.പിമാർ ഹാജർ രേഖപ്പെടുത്തി. മാസ്‌ക് ധരിച്ചും ഇരിപ്പിടങ്ങളിൽ സാമൂഹിക അകലം പാലിച്ചും എം.പിമാർ ഇരുന്നു. ഗ്യാലറിക്ക് പുറമെ രാജ്യസഭയിലും അംഗങ്ങളെ ഇരുത്തി. പാർട്ടികളുടെ അംഗബലമനുസരിച്ചാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്. വൈകിട്ട് സഭ ചേർന്നപ്പോൾ രാജ്യസഭാംഗങ്ങളും ഗാലറിയിലും ലോക്സഭയിലുമായി ഇരുന്നു.
ലോക്സഭയിൽ സാധാരണ ആറു പേർ ഇരിക്കുന്ന സീറ്റിൽ മൂന്നു പേരെയും മൂന്നു പേർക്കിരിക്കാവുന്നതിൽ ഒരാളെയുമാണ് ഇരുത്തിയത്. അംഗങ്ങൾക്ക് സഭാനടപടികൾ വീക്ഷിക്കാൻ കൂറ്റൻ സ്‌ക്രീനുകളൊരുക്കി. ഇരിപ്പിടങ്ങൾക്കു മുന്നിൽ പോളിത്തീൻ ഷീറ്റുകൊണ്ട് മറച്ചു.
ലോക്സഭയിലെ ഭരണബെഞ്ചിൽ മുൻനിരയിലുള്ള ഒന്നാം നമ്പർ ഇരിപ്പിടത്തിൽ മാസ്ക് ധരിച്ച് പ്രധാനമന്ത്രി മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രണ്ടാം നമ്പർ സീറ്റിലും കേന്ദ്ര കൃഷിമന്ത്രി നരേന്ദർ സിംഗ് തോമർ മൂന്നാം നമ്പർ സീറ്റിലും ഇരുന്നു. പ്രതിപക്ഷത്ത് മുൻനിരയിൽ കോൺഗ്രസ് സഭാനേതാവ് അധീർ രഞ്ജൻ ചൗധരിയും ഡി.എം.കെ നേതാവ് ടി.ആർ.ബാലുവും. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ദീർഘകാലം തടവിലായിരുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള വീണ്ടും സഭയിലെത്തിയതും ശ്രദ്ധേയമായി. തൃണമൂൽ നേതാവ് കല്യാൺ ബാനർജിയും മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും മാസ്‌കിനൊപ്പം ഫേസ് ഷീൽഡ് ധരിച്ചാണെത്തിയത്.
അംഗങ്ങൾക്ക് ഇരുന്ന് സംസാരിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും പലരും നിന്ന് തന്നെ സംസാരിക്കാൻ തുടങ്ങിയത് സ്പീക്കർ വിലക്കി. സംസാരിക്കുമ്പോഴും ആരോഗ്യമന്ത്രി ഹർഷവർദ്ധൻ മാസ്ക് മാറ്റിയില്ല. അതേസമയം സഭാ നടപടികൾ നിയന്ത്രിച്ച സ്പീക്കർ മാസ്ക് ധരിച്ചുകണ്ടില്ല. ഇന്ന് മുതൽ രാവിലെ 9 മുതൽ 1 മണിവരെ രാജ്യസഭയും വൈകിട്ട് മൂന്ന് മുതൽ ഏഴ് വരെ ലോക്സഭയും ചേരും.