നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. പൾസർ സുനിയുമായി നടൻ ദിലീപിന് ബന്ധമുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷൻ ആശ്രയിക്കുന്ന മുഖ്യസാക്ഷിയെ അഭിഭാഷകൻ മുഖേന സ്വാധീനിക്കാൻ ശ്രമമുണ്ടായെന്നാരോപിച്ച് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്. തനിക്ക് ഫോണിലൂടെ ഭീഷണികൾ ലഭിക്കുന്നുണ്ടെന്ന് സാക്ഷി വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അപേക്ഷയിൽ പറയുന്നു. കേസിലെ 300 ഒാളം വരുന്ന പ്രോസിക്യൂഷൻ സാക്ഷികളിൽ 30 പേരുടെ വിസ്താരം ഇതിനകം പൂർത്തിയാക്കി. നടൻ മുകേഷ് ഉൾപ്പെടെയുള്ള സാക്ഷികളോട് ഇന്ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
2017 ഫെബ്രുവരി 17 നാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് കാറിൽവന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയത്. പൾസർ സുനിയടക്കമുള്ള പ്രതികളെ പൊലീസ് ആദ്യം അറസ്റ്റുചെയ്തു. തുടരന്വേഷണത്തിൽ നടൻ ദിലീപ് നൽകിയ ക്വട്ടേഷനാണിതെന്ന് കണ്ടെത്തി ഇയാളെയും അറസ്റ്റുചെയ്തിരുന്നു.