സെപ്തംബർ 25 അർദ്ധരാത്രി മുതൽ രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ? വിശദീകരണവുമായി പി ഐ ബി

Tuesday 15 September 2020 11:40 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സെപ്തംബർ 25 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച എൻ ഡി എം എ (നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെൻറ്​ അതോറിറ്റി)ഉത്തരവാണ് സോഷ്യൽ മീഡിയയിലടക്കം വെെറലായത്.

സെപ്തംബര്‍ 25 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി അവകാശപ്പെടുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പെട്ടെന്ന് തന്നെ വിശദീകരണം നൽകി. വാർത്ത വ്യാജമാണെന്ന്​ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

പ്രതിദിന കേസുകളും മരണങ്ങളും കൂടി വരുന്നതിനാല്‍ കേന്ദ്ര മന്ത്രാലയത്തോടും സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിക്കുന്നു. ഇതിനുള്ള നടപടികള്‍ അതോറിറ്റി ഇതിനോടകം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.

'കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആസൂത്രണ കമ്മീഷനും സർക്കാരിനോട് 46 ദിവസത്തെ ലോക്ക്​ഡൗണിന്​ ശിപാർശ ചെയ്​തു. 2020 സെപ്തംബർ 25 അർദ്ധരാത്രി മുതൽ രാജ്യവ്യാപകമായി വീണ്ടും ലോക്ക്​ഡൗൺ ഏർപ്പെടുത്തും. രാജ്യത്ത് അവശ്യവസ്തുക്കളുടെ വിതരണ ശൃംഖല സജീവമാക്കാനുള്ള നിർദേശം എൻ‌ ഡി‌ എം‌ എ മന്ത്രാലയത്തിന് നൽകി'- എന്നാണ് വ്യാജ ഉത്തരവിൽ പറഞ്ഞിരുന്നത്​.

എന്നാൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് പി ഐ ബി വ്യക്തമാക്കി. ഈ ഉത്തരവ് തെറ്റാണെന്നും ലോക്ക്ഡൗണ്‍ വീണ്ടും നടപ്പാക്കുമെന്ന തരത്തിലുള്ള ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്ന് പി ഐ ബി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 49 ലക്ഷം കടന്നിരിക്കുകയാണ്. ഈ സമയത്താണ് ഇത്തരത്തിലൂള്ള അഭ്യൂഹങ്ങൾ പരന്നത്. ഇന്ത്യൻ വാക്സിൻ പരീക്ഷണ പുനരാരംഭിക്കുന്നതിനായി ഡി സി ജി ഐയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് സിറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.