വാട്സ്ആപ്പ് സന്ദേശം പരിശോധിക്കാനൊരുങ്ങി, പിടിവലിക്കിടെ തലയിടിച്ച് മരണം; ഓട്ടോ ഡ്രൈവറുടെ മരണത്തിൽ സത്യം കണ്ടെത്തി പൊലീസ്
കൊല്ലം: ഓട്ടോ ഡ്രൈവറായ കുളത്തൂപ്പുഴ ആറ്റിന് കിഴക്കേകര ടി.എസ്.ഭവനിൽ ദിനേശിനെ (25) കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയിൽ രശ്മി നിവാസിൽ രശ്മിയെ (25) കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കോടതിയിൽ ഉടൻ അപേക്ഷ നൽകുമെന്ന് കുളത്തൂപ്പുഴ സി.ഐ അറിയിച്ചു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് ഇതുവരെയുള്ള നിഗമനമെങ്കിലും അത്തരത്തിൽ ആരോപണം ഉയരുന്ന സാഹചര്യത്തിൽ അത് കൂടി പരിശോധിക്കാനും മറ്റ് ചില കാര്യങ്ങൾ ചോദിച്ചറിയാനും മൊബൈൽഫോൺ കണ്ടെടുക്കാനുമാണ് കസ്റ്റഡിയിൽ വാങ്ങാൻ ഉദ്ദേശിക്കുന്നത്.ഇക്കഴിഞ്ഞ വെളളിയാഴ്ച ഉച്ചയ്ക്കാണ് രശ്മിയുടെ വീടിന്റെ അടുക്കളയിൽ ദിനേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രശ്മിയും ആട്ടോ ഡ്രൈവറായ ദിനേശും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടെ യുവതിയുടെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്ന ദിനേശ് സംഭവദിവസം മറ്റൊരാളുടെ ആട്ടോറിക്ഷയിൽ യുവതിയുടെ വീട്ടിലെത്തി. ഈസമയം യുവതിയുടെ അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. രശ്മിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്നാരോപിച്ചതോടെ ഇവർ തമ്മിൽ വഴക്കായി. തനിക്ക് മറ്റാരുമായും സൗഹൃദമില്ലെന്ന് രശ്മി വെളിപ്പെടുത്തിയെങ്കിലും അത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന ദിനേശ് കോളുകളും വാട്ട്സ് ആപ് സന്ദേശങ്ങളും പരിശോധിക്കാൻ ഫോൺ ആവശ്യപ്പെട്ടു.ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ പിടിവലിയ്ക്കിടെയുണ്ടായ ഉന്തിലും തള്ളിലും കട്ടിലിൽ തലയടിച്ച് വീണ് ദിനേശൻ മരിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും രാസപരിശോധനാഫലവും കൂടി വരുന്നതോടെ ഇക്കാര്യം വ്യക്തമാകും.