സൂപ്പർ സംരംഭങ്ങളുമായി ഗവ. സർവന്റ്സ് സൊസൈറ്റി

Wednesday 16 September 2020 5:31 AM IST

നെടുമങ്ങാട്: കൊവിഡ്കാല അതിജീവനത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് താലൂക്ക് ഗവണ്മെന്റ് സർവന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കൈത്താങ്ങ്. സൊസൈറ്റി ഹെഡ് ഓഫീസ് മന്ദിരത്തിൽ നീതി സൂപ്പർ മാർക്കറ്റ്, സ്കൂൾ ബസാർ ആൻഡ് മെഡിക്കൽസ് സജ്ജമാക്കിയാണ് സർവന്റ്സ് സൊസൈറ്റി ആശ്വാസം പകരുന്നത്. എല്ലാവിധ നിത്യോപയോഗ സാധനങ്ങൾക്കും പുറമെ, ഇംഗ്ളീഷ് മരുന്നുകൾ, മിൽമ ഉത്പന്നങ്ങൾ, പ്രസന്റേഷൻ ഐറ്റംസ്, കോപ്പിയർ പേപ്പർ, നോട്ടുബുക്കുകൾ തുടങ്ങിയവയും ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണമേന്മയോടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുവെന്നതാണ് സവിശേഷത. നെടുമങ്ങാട് റവന്യൂ ടവറിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന നീതി സംരംഭങ്ങളോടനുബന്ധിച്ച് പാലോട് ബസ് സ്റ്റാൻഡ് റോഡിലെ സൊസൈറ്റി ഓഫീസ് മന്ദിരത്തിലാണ് സൂപ്പർ മാർക്കറ്റ്, സ്കൂൾ ബസാർ ആൻഡ് മെഡിക്കൽസ് പ്രവർത്തനം തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ സഹകരണ അവാർഡിൽ എംപ്ലോയിസ് സഹകരണ സംഘം വിഭാഗത്തിൽ സംസ്ഥാനതല മികച്ച രണ്ടാമത്തെ അവാർഡ് കരസ്ഥമാക്കിയ സംഘമാണ് താലൂക്ക് ഗവണ്മെന്റ് സർവന്റ്സ് സൊസൈറ്റി. പുതുതായി ആരംഭിച്ച നീതി സൂപ്പർ മാർക്കറ്റ് സംരംഭങ്ങളുടെ ഉദ്‌ഘാടനം സൊസൈറ്റി പ്രസിഡന്റ് ജി. സുനിൽകുമാർ നിർവഹിച്ചു. സെക്രട്ടറി ഐ. അജിത സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങൾ, സർവീസ് സംഘടനാ ഭാരവാഹികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.