മൊസാംബിക്കിൽ സ്​ത്രീയെ നഗ്നയാക്കി മർദ്ദിച്ച ശേഷം വെടിവച്ചു​കൊന്നു

Wednesday 16 September 2020 12:00 AM IST

മാപുട്ടോ: മൊസാംബിക്കിൽ ഭീകരപ്രവർ‌ത്തകയെന്ന് സംശയിച്ച് സ്ത്രീയെ പൂർണനഗ്നയാക്കി മർദ്ദിച്ച ശേഷം വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആംനസ്​റ്റി അടക്കമുള്ള സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായെത്തി.

സൈനിക വേഷമണിഞ്ഞ യുവാക്കൾ സ്ത്രീയുടെ പുറകിലൂടെ വന്ന്​ അലറുന്നതും വടികൊണ്ട്​ അടിക്കുന്നതും വിഡിയോയിൽ കാണാം. ഇതിനുശേഷമാണ്​ വെടിവച്ചത്​. നിലത്തുവീണ സ്​ത്രീക്കുനേരെ മറ്റുള്ളവരും നിരവധി തവണ വെടിവച്ചു.

ഭീകര സംഘടനയായ 'അൽ-ഷബാബി'ൽ ഉൾപ്പെട്ടയാളാണെന്ന്​ ആക്രോശിച്ചാണ്​ വെടിയുതിർത്തത്​. സംഭവത്തെ അപലപിച്ച മൊസാംബിക്ക് പ്രതിരോധ മന്ത്രാലയം, വീഡിയോയുടെ ആധികാരികത പുറത്തുകൊണ്ടുവരാൻ അന്വേഷണം ആവ​ശ്യപ്പെട്ടു.

മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ക്രൂരമായ പ്രവർത്തനങ്ങൾ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു. സുരക്ഷ സേനാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അൽ-ഷബാബുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബന്ദികളെ സൈനികർ അധിക്ഷേപിക്കുന്ന നിരവധി വീഡിയോകൾ മേയിൽ ആംനെസ്​റ്റി ഇന്റർനാഷണൽ പുറത്തുവിട്ടിരുന്നു. ആക്രമണങ്ങൾ അരങ്ങേറുന്ന വടക്കൻ കാബോ ഡെൽഗഡോ മേഖലയിൽ മൊസാംബിക്കൻ സുരക്ഷാസേന സംശയം തോന്നുന്നവരെ പീഡിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ, സൈനികരെപ്പോലെ ആൾമാറാട്ടം നടത്തുന്ന ജിഹാദികളാണ് അക്രമം നടത്തിയതെന്നാണ്​ സർക്കാർ വാദം.

തീവ്രവാദ സംഘടനയായ അൽ ഖാഇദയുടെ ആഫ്രിക്കയിലെ ശാഖയായാണ് അൽ ഷബാബ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ പ്രകൃതിവാതക പദ്ധതികളിലൊന്നായ മൊസാംബിക്കിലെ കാബോ ഡെൽഗഡോയിൽ ഇവർക്ക്​ ഏറെ സ്വാധീനമുണ്ട്​. ഇവർക്കെതിരെ സൈന്യം കടുത്ത നടപടിയാണ്​ സ്വീകരിക്കുന്നത്​.