ഖത്ത‌ർ ഉപരോധം പരിഹരിക്കണമെന്ന് അമേരിക്ക

Wednesday 16 September 2020 1:21 AM IST

ദോഹ: ഖത്തറിനെതിരായ ഉപരോധവും ഗൾഫ് പ്രതിസന്ധിയും പരിഹരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും ഉപരോധരാജ്യങ്ങൾ അടച്ച കര,ജല,വ്യോമ അതിർത്തികൾ ഖത്തറിനായി തുറന്നുകിട്ടുന്നത് കാണാൻ ആകാംക്ഷയോടെ അമേരിക്കൻ സർക്കാർ കാത്തിരിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന മൂന്നാമത് ഖത്തർ അമേരിക്ക തന്ത്രപ്രധാനമായ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്നത്തിന് പരിഹാരം കാണാൻ ഏറെ വൈകി. ഗൾഫ്പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതി അമേരിക്ക വീക്ഷിക്കുകയാണ്. ദോഹയിൽ നടക്കുന്ന അഫ്ഗാൻ സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കുന്ന ഖത്തർ നിലപാടിനെ മൈക്ക് പോംപിയോ പ്രശംസിച്ചു. മേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഖത്തർ ഇടപെടുന്നുണ്ട്. ഗാസയെ സഹായിക്കുന്ന ഖത്തർ മഹത്തായ കാര്യമാണ് ചെയ്യുന്നത്. സിറിയയിലെലും ലബനനിലെയും പ്രശ്നങ്ങളുടെ തീവ്രത കുറക്കാൻ ഖത്തർ എന്നും ശ്രമിക്കുന്നുണ്ടെന്നും പോംപിയോ പറഞ്ഞു.