'അത്രയും മൊഞ്ചില്ലാത്ത എന്റെ കാലുകൾ...': അങ്ങനെ വിട്ടുകൊടുത്താൽ പറ്റില്ലല്ലോ, നടിമാർക്ക് പിന്നാലെ പ്രതിഷേധവുമായി രംഗത്തിറങ്ങി ഹരീഷ് പേരടി

Tuesday 15 September 2020 11:12 PM IST

തന്റെ കാലുകൾ വെളിവാക്കുന്ന രീതിയിൽ യുവനടി അനശ്വര രാജൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ കപട സദാചാരവാദികളുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ശക്തമായ നിലപാടുമായി അനശ്വര രംഗത്ത് വന്നത് വാർത്തയായിരുന്നു. തന്റെ രണ്ട് ചിത്രങ്ങൾ കൂടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടി ഇത്തരക്കാർക്കതിരെയുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.

അനശ്വരയ്ക്ക് പിന്തുണ നൽകികൊണ്ട് റിമ കല്ലിംഗൽ, കനി കുസൃതി, അഹാന കൃഷ്ണ തുടങ്ങിയ മലയാളത്തിലെ യുവനടിമാരും തങ്ങളുടെ കാലുകൾ പ്രദർശിപ്പിക്കുന്ന ഫോട്ടോകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ നടന്മാരാരും ഇത്തരത്തിൽ പ്രതികരിക്കാത്തതിന്റെ കുറവ് നികത്തിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

തന്റെ 'പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചു'കൊണ്ട് ഒരു മഞ്ഞ നിറത്തിലുള്ള ഷോർട്സ് ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ എന്നും ഹരീഷ് ചിത്രത്തിനൊപ്പമുള്ള തന്റെ കുറിപ്പിൽ പറയുന്നു.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു...അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു...ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ'