പച്ചത്തുരുത്തിന്റെ പുരസ്‌കാര നിറവ്

Wednesday 16 September 2020 3:27 AM IST

കല്ലമ്പലം: സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഏറ്റവുമധികം പച്ചത്തുരുത്തുകൾ നിർമ്മിച്ച പഞ്ചായത്തിനുള്ള പുരസ്കാരം കരവാരം പഞ്ചായത്ത് സ്വന്തമാക്കി.2019 സെപ്തംബറിലാണ് പച്ചത്തുരുത്ത് പദ്ധതിക്ക് കരവാരം പഞ്ചായത്തിൽ തുടക്കമായത്.തുടർന്ന് നവംബറിൽ ജില്ലയിലെ സമ്പൂർണ പച്ചത്തുരുത്ത് പഞ്ചായത്തായി കരവാരം പഞ്ചായത്തിനെ തെരഞ്ഞെടുത്ത പ്രഖ്യാപനം വനംവകുപ്പ് മന്ത്രി കെ.രാജു നിർവ്വഹിച്ചു.തുടർന്ന് നടത്തിയ പ്രവർത്തനങ്ങളിലൂടെ 45 പച്ചത്തുരുത്തുകളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചത്.ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമയാണ് കൊവിഡ് പശ്ചാത്തലത്തിൽ നടന്ന ഓൺലൈൻ യോ​ഗത്തിൽ സംസ്ഥാനത്ത് ഏറ്റവും അധികം പച്ചത്തുരുത്തുകൾ നിർമ്മിച്ച പഞ്ചായത്തിനുള്ള പുരസ്കാര പ്രഖ്യാപനം നടത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്.ദീപ അദ്ധ്യക്ഷയായി.ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂണിനെ യോ​ഗത്തിൽ ആദരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ,സെക്രട്ടറി ശ്രീലേഖ,വിലാസിനി, രമ്യവിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.കേരളത്തിലെ ആദ്യത്തെ ഹരിതസമൃദ്ധി പഞ്ചായത്ത്,തരിശ് രഹിത പഞ്ചായത്ത്,ജില്ലാ വികസനോത്സവത്തിൽ ഒന്നാം സ്ഥാനം,ആരോ​ഗ്യ കേരളം പുരസ്കാരം,ഏറ്റവും മികച്ച പാലിയേറ്റീവ് പഞ്ചായത്ത് എന്നീ നേട്ടങ്ങളും ഇതിനോടകം പഞ്ചായത്ത് നേടിയിട്ടുണ്ട്.