"മയക്കുമരുന്നിന്റെ ഉത്ഭവം നിങ്ങളുടെ സ്വന്തം നാട്ടിലാണ്, ആദ്യം അവിടെ പോയി അന്വേഷിക്ക്", കങ്കണയോട് ഊർമിള മതോന്ദ്കർ

Wednesday 16 September 2020 11:37 AM IST

മുംബയ്: നടി കങ്കണ റാണാവത്തിന് മറുപടിയുമായി ഊര്‍മിള മതോന്ദ്കർ. ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മുംബയെ കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തിനെതിരെയാണ് ഊ‌ർമിളയുടെ മറുപടി. കങ്കണയുടെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലാണ് മയക്കു മരുന്ന് മാഫിയയുടെ ഉറവിടം എന്നും ആദ്യം അവിടെ അന്വേഷണം നടത്തണമെന്നും ഊര്‍മിള പ്രതികരിച്ചു.

'രാജ്യം മുഴുവന്‍ മയക്കുമരുന്നിന്റെ ഭീഷണി അഭിമുഖീകരിക്കുന്നുണ്ട്. മയക്കുമരുന്നിന്റെ ഉറവിട കേന്ദ്രമാണ് ഹിമാചല്‍ പ്രദേശ്. അക്കാര്യം കങ്കണയ്ക്ക് അറിയുമോ?, ആദ്യം സ്വന്തം സംസ്ഥാനത്ത് നിന്ന് ആരംഭിക്കണം' ഊര്‍മിള പറഞ്ഞു.

കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കിയതിനെയും ഊര്‍മിള വിമര്‍ശിച്ചു.’ നികുതിദായകരുടെ പണത്തില്‍ നിന്ന് വൈ പ്ലസ് സുരക്ഷ ലഭിച്ച ഈ വ്യക്തി മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച് പൊലീസിന് വിവരം നല്‍കാത്തത്,’ ഊര്‍മിള ചോദിച്ചു. മുംബയെക്കുറിച്ചും ബോളിവുഡിനെക്കുറിച്ചും കങ്കണ നടത്തിയ പ്രസ്താവനകള്‍ അപമാനകരമാണെന്നും നടി പറഞ്ഞു.


‘ ഈ നഗരത്തെ ആരു സ്‌നേഹിക്കുന്നോ അതുപോലെ തന്നെ അവര്‍ക്ക് തിരികെ ലഭിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു മകളെന്ന നിലയില്‍ ഈ നഗരത്തിനെതിരെ നടത്തുന്ന അപകീര്‍ത്തിപരമായ ഒരു പ്രസ്താവനയും ഞാനൊരിക്കലും സഹിക്കില്ല. നിങ്ങള്‍ അത്തരം അഭിപ്രായങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ നഗരത്തെ മാത്രമല്ല , ജനങ്ങളെയാകെ അപമാനിക്കുകയാണ്,’ ഊര്‍മിള വ്യക്തമാക്കി.