'സമനില തെറ്റിയവൻ മറ്റുളളവരെയെല്ലാം അവൻ ഭ്രാന്തനാണ് ഭ്രാന്തനാണെന്ന് പറയും'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.സുരേന്ദ്രൻ

Wednesday 16 September 2020 1:30 PM IST

തിരുവനന്തപുരം: രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് പിണറായി രാഷ്ട്രീയമായി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പവന്റെ മാല ആരെങ്കിലും നാല് ലോക്കറിൽ വയ്‌ക്കുമോയെന്ന് പിണറായി വ്യക്തമാക്കണം. കൊവിഡ് കാല സമരങ്ങൾക്ക് ഉത്തരവാദി പിണറായി വിജയനാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞിരുന്നെങ്കിൽ തങ്ങൾക്ക് ഈ സമരം നടത്തേണ്ടി വരികില്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് ഒരു കൊവിഡ് പ്രോട്ടോക്കോളും പാലിച്ചിരുന്നില്ല. ആ മുഖ്യമന്ത്രിയാണ് കൊവിഡ് കാലത്തെ സമരങ്ങൾക്കെതിരെ പറയുന്നത്. രാഷ്ട്രീയമായി വരുന്ന ആരോപണങ്ങളെ പിണറായി വ്യക്തിനിഷ്‌ടമായി എടുക്കുകയാണ. സമനില തെറ്റിയത് ആർക്കാണെന്ന് ഇന്നലെ അദ്ദേഹത്തിന്റെ വാർത്താസമ്മേളനം കണ്ട എല്ലാവർക്കും മനസിലാകും. സമനില തെറ്റിയവൻ മറ്റുളളവരെയെല്ലാം അവൻ ഭ്രാന്തനാണ് ഭ്രാന്തനാണെന്ന് പറയുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.

സ്വന്തം നിഴലിനെ പോലും പിണറായിക്ക് പേടിയാണ്. പിണറായിയോടുളള ബി.ജെ.പി മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ആ മറുപടിയാണ് വാടിക്കൽ രാമകൃഷ്‌ണൻ തൊട്ട് ഇങ്ങോട്ടുളളവർ. സി.പി.എം സർക്കാരിന്റെ അന്ത്യം കുറിക്കുന്നത് വരെ പ്രക്ഷോഭങ്ങൾ തുടരും. ഭീഷണികൾക്കും പേടിപ്പെടുത്തലുകൾക്കും തങ്ങൾ മറുപടി പറയുന്നില്ല. ബി.ജെ.പിക്കാരെ വകവരുത്തിയാലും ഈ പാപകറയിൽ നിന്ന് പിണറായിക്ക് കൈകഴുകാനാവില്ല. കളളക്കടത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയിലേക്കാണ് പോയതെന്നും സുരേന്ദ്രൻ ആരോപിച്ചു.