'ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കണ്ണുരുട്ടി കാണിക്കുന്ന ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തണമോയെന്ന് സി പി എം ചിന്തിക്കണം'; സുരേന്ദ്രനെ പിന്തുണച്ച് എം ടി രമേശ്

Wednesday 16 September 2020 2:27 PM IST

കോഴിക്കോട്: കെ.സുരേന്ദ്രൻ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുരുട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. വാർത്താസമ്മേളനത്തിലൂടെയല്ല മറുപടി പറയുകയെന്നാണ് പിണറായി പറയുന്നത്. പിന്നെ എങ്ങനെയാണ് മറുപടി പറയുകയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.സുരേന്ദ്രന്റെ മാനസിക നിലയെക്കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ട. സ്വന്തം മാനസികാവസ്ഥയെക്കുറിച്ച് വേവലാതിപ്പെട്ടാൽ മതി. കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്നും എം.ടി.രമേശ് പറഞ്ഞു.

വാർത്ത സമ്മേളനത്തിലൂടെയല്ല മറുപടി പറയുകയെന്ന് പിണറായി വിജയൻ പറഞ്ഞതിൽ ദുരൂഹതയുണ്ട്. ഇങ്ങനെ പലർക്കും മുമ്പ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്. വെല്ലുവിളിയാണെങ്കിൽ ഏറ്റെടുക്കാൻ ബി.ജെ.പി തയ്യാറാണ്. സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ അനുവദിക്കില്ല. മുഖ്യമന്ത്രി സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലാണ്. കെ.സുരേന്ദ്രൻ ഉന്നയിച്ചത് ബിജെപിയുടെ ചോദ്യങ്ങളാണ്. അതിന് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. പകരം ഭീഷണി വേണ്ട. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കണ്ണുരുട്ടി കാണിക്കുന്ന ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തണമോയെന്ന് സിപിഎം ചിന്തിക്കണമെന്നും എം.ടി രമേശ് പറഞ്ഞു.