അമിതാഭ് ബച്ചന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, എപ്പോഴും ആ ശബ്ദം കേള്‍ക്കാൻ ഇതാ ഒരു അവസരം

Wednesday 16 September 2020 3:50 PM IST


ന്യൂഡല്‍ഹി: അമിതാഭ് ബച്ചന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ചെറിയ ഒരു തുക ചെലവഴിച്ചാല്‍ നിങ്ങള്‍ക്ക് എപ്പോഴും ആ ശബ്ദം കേള്‍ക്കാം. ആമസോണ്‍ അലക്‌സയുടെ ഇന്ത്യയിലെ ശബ്ദമായി ബോളിവുഡ് ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍. കമ്പനി ആദ്യമായാണ് ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ശബ്ദം ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നത്. അടുത്ത വര്‍ഷം മുതലാണ് അലക്‌സ ഉപയോക്താക്കള്‍ക്ക് ബച്ചന്റെ ശബ്ദം കേള്‍ക്കാന്‍ ആകുക.

ആമസോണ്‍ ആണ് ഇത് സംബന്ധിച്ച പ്രസ്തവന പുറത്തിറക്കിയത്. ആമസോണിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റ് സേവനമാണ് അലക്‌സ. അലക്‌സ അധിഷ്ഠിത ഡിവൈസുകളില്‍ എല്ലാം ഇത് ലഭ്യമാകും. എക്കോ ഡിവൈസ്, ഫയര്‍ ടിവി, അലക്‌സ ആപ്പ്, ആമസോണ്‍ ഷോപ്പിംഗ് ആപ്പ് എന്നിവയിലും ഇത് ലഭ്യമാകും. ''അലക്‌സ, സേ ഹലോ ടു മിസ്റ്റര്‍ അമിതാഭ് ബച്ചന്‍ ''എന്ന് വോയിസ് കമാന്‍ഡ് നല്‍കിയാല്‍ അമിതാഭ് ബച്ചന്റെ ശബ്ദം ഇപ്പോള്‍ ലഭ്യമാണ്.


അലക്‌സ അധിഷ്ഠിത മൊബൈല്‍ ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍,സ്മാര്‍ട്ട് വെയറബ്ള്‍സ് എന്നിവയും ബച്ചന്റെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാനാകും. വാര്‍ത്തകളോ, തമാശകളോ, ആക്ഷേപ ഹാസ്യങ്ങളോ, കാലാവസ്ഥാ വിശദാംശംങ്ങളോ ഒക്കെ ഇങ്ങനെ അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ആകും. സിനിമയിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും പോഡ് കാസ്റ്റുകളിലൂടെയും ഒക്കെ ബച്ചന്‍ ആരാധകരെ ത്രസിപ്പിച്ചിരുന്ന ആ ശബ്ദം ഇനി ഇടതടവില്ലാതെ കേള്‍ക്കാം. ഇതിന് ഉപഭോക്താക്കള്‍ അലക്‌സയോട് ബച്ചന്‍ ശബ്ദത്തില്‍ ഉള്ള അറിയിപ്പുകള്‍ ആവശ്യപ്പെട്ടാല്‍ മതിയാകും.