തിരുവനന്തപുരം സ്വർണക്കടത്ത് കേസ്: മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം

Wednesday 16 September 2020 4:31 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് ഗൂഢാലോചനയുടെ ആസൂത്രകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആളാണ് കെ ടി റമീസ്. കസ്‌റ്റംസ് ചുമത്തിയ കേസിലാണ് കോടതി റമീസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം.

രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആൾ ജാമ്യവും,​ ഒപ്പം എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ രാവിലെ 10 മണിക്ക് മുമ്പ് തന്നെ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൂടാതെ,​ പാസ്‌പോർട്ട് കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് ഒരു സുപ്രധാന ഘട്ടം പിന്നിട്ടു നിൽക്കുമ്പോഴാണ് മുഖ്യ ആസൂത്രകനായ കെ ടി റമസിന് ജാമ്യം കിട്ടുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ കേസന്വേഷണത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ല എന്നുതന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.