നേതൃത്വത്തെ ആക്രമിക്കാൻ അമിതാവേശം,​ പാർ‍ട്ടി നേതാക്കൾ തമ്മിൽ‍ ഭിന്നതയെന്ന വാർത്ത നിഷേധിച്ച് സി.പി.എം

Wednesday 16 September 2020 7:34 PM IST

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന വാർത്ത നിഷേധിച്ച് ‌ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സി.പി.എം നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെയാണ് വാർത്ത നൽകിയതെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "ഇ പി ജയരാജന്‍ പാര്‍ട്ടിക്ക്‌ പരാതി കൊടുക്കും, കോടിയേരി - ഇ.പി തര്‍ക്കം രൂക്ഷമായേക്കും, പോളിറ്റ്‌ ബ്യുറോയ്‌ക്ക്‌ മുന്നിലേക്ക്‌ വരെ പ്രശ്‌നം എത്തും" എന്നും മറ്റും ഭാവനയില്‍ കണ്ടെത്തി അത്‌ വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത്‌ മാദ്ധ്യമ മര്യാദയുടെ ലംഘനമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. കമ്മ്യുണിസ്റ്റ്‌ വിരോധം മൂത്ത് ‌ അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുത്‌. ഈ വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണമെന്നും അല്ലാത്ത പക്ഷം നിയമപരമായി ഇതിനെ നേരിടുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു