ബിൽ ഗേറ്റ്​സിന്റെ പിതാവ് അന്തരിച്ചു

Thursday 17 September 2020 1:05 AM IST

വാഷിംഗ്ടൺ: മൈക്രോസോഫ്​റ്റ്​ സ്ഥാപകൻ ബിൽ ഗേറ്റ്​സിൻെറ പിതാവും അഭിഭാഷകനുമായ വില്യം എച്ച്​. ഗേറ്റ്​സ്​ രണ്ടാമൻ (ബിൽ ഗേറ്റ്​സ്​ സീനിയർ) അന്തരിച്ചു. 94 വയസായിരുന്നു. അൽഷിമേഴ്​സ്​ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്​ച സിയാറ്റിലിലെ ഹൂഡ്​ കനാലിലുള്ള വീട്ടിലായിരുന്നു അന്ത്യം.

'എൻെറ പിതാവായിരുന്നു യഥാർത്ഥ ബിൽ ഗേറ്റ്​സ്​. ഞാൻ എന്താവണമെന്ന്​ ശ്രമിച്ചോ അതായിരുന്നു അദ്ദേഹം. ഓരോ ദിവസവും എനിക്ക്​ അദ്ദേഹത്തെ മിസ്​ ചെയ്യും.'- ബിൽ ഗേറ്റ്​സ്​ ട്വീറ്റ്​ ചെയ്​തു.

1925 നവംബർ 30ന്​ വാഷിംഗ്​ടണിലായിരുന്നു ബിൽ ഗേറ്റ്​സ്​ സീനിയറിൻെറ ജനനം. 1994ലാണ്​ ബിൽ ഗേറ്റ്​സ്​ സീനിയറും, ബിൽ ഗേറ്റ്സും മരുമകൾ മെലിൻഡയും സംയുക്തമായി ചാരിറ്റി പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കുന്നത്.

'പിതാവില്ലാതെ ബിൽ ആൻഡ്​ മെലിൻഡ ഫൗണ്ടേഷൻ ഇന്ന​ത്തെ നിലയിൽ എത്തില്ലായിരുന്നു. അദ്ദേഹമാണ്​ ഫൗണ്ടേഷന്റെ മൂല്യങ്ങൾ രൂപപ്പെടുത്തിയത്​. അന്തസ്സുള്ള വ്യക്തിയായിരുന്ന അദ്ദേഹം കപടമായ കാര്യങ്ങളെ വെറുത്തിരുന്നു.'- ബിൽ ഗേറ്റ്​സ്​ പറഞ്ഞു​.

ആദ്യഭാര്യ മേരി മാക്സ്‌നവെൽ. ഈ ബന്ധത്തിൽ ബിൽ ഗേറ്റ്സ്, ക്രിസ്​റ്റ്യൻ ബ്ലേക്ക്​, എലിസബത്ത്​ മക്​ഫീ എന്നീ മക്കളുണ്ട്. പിന്നീട്, ബന്ധം വേർപെടുത്തി ചരിത്രകാരിയായ മിമി ഗാർ‌ഡ്നറിനെ വിവാഹം ചെയ്തു.