ഫോണെടുത്ത് ദൂരേക്ക് എറിയൂ... നേടൂ ചാമ്പ്യൻഷിപ്പ്

Thursday 17 September 2020 12:28 AM IST

സാവോൻലിന്ന: മൊബൈൽ ഫോണെടുത്ത് പരമാവധി ദൂരേക്ക് ശക്തിയിൽ എറിയണം. നല്ല വേഗത്തിൽ കൂടുതൽ ദൂരം എറിയുന്നയാൾക്ക് മെഡൽ നേടാം.

ഫിൻലാന്റിലെ സാവോൻലിന്ന പട്ടണത്തിലെ മൊബൈൽ ഫോൺ ത്രോയിംഗ് ചാമ്പ്യൻഷിപ്പിനെപ്പറ്റിയാണ് പറഞ്ഞുവന്നത്.

ആളുകൾ സംഭാവനയായി നൽകുന്ന ഫോണുകളാണ് മൊബൈൽ എറിഞ്ഞ് കളിക്കായി ഉപയോഗിക്കുന്നത്. എല്ലാ വർഷവും ചാമ്പ്യൻഷിപ്പ് നടക്കുന്നുണ്ട്. സ്വന്തം ഉപകരണങ്ങൾ കൊണ്ടുവരാൻ ആർക്കും അനുവാദമില്ല. എന്നാൽ, മത്സരാർത്ഥികൾക്ക് കൈയിൽ ഒതുങ്ങുന്ന ഇഷ്ടപ്പെട്ട ഡിസൈനുകൾ തിരഞ്ഞെടുക്കാം. എത്ര ദൂരത്തിൽഎറിയുന്നു, എങ്ങനെ എറിയുന്നു എന്നതിനെ അനുസരിച്ചാണ് വിജയിയെ കണ്ടെത്തുന്നത്. പുരുഷന്മാരുടെ ലോക റെക്കാഡ് 110.42 മീറ്റർ (362.3 അടി) ആണ്. വനിതാ ലോക റെക്കാഡ് 67.58 മീറ്റർ (221.7 അടി) ആണ്. മത്സരം പ്രശസ്തമായതോടെ യൂറോപ്പിലുടനീളം ചാമ്പ്യൻഷിപ്പുകൾ അരങ്ങേറുന്നുണ്ട്. മൊബൈൽ ഫോൺ റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഫോൺ കമ്പനികളും മത്സരം സ്‌പോൺസർ ചെയ്യാറുണ്ട്.