ഭാര്യയുടെ ജാരനെ പൊക്കാൻ കിടപ്പറയിൽ കാമറ

Thursday 17 September 2020 11:55 PM IST

ന്യൂഡൽഹി: ഭാര്യയുടെ 'ജാരനെ' പിടികൂടാൻ കിടപ്പറയിൽ സി.സിടി.വി കാമറ സ്ഥാപിച്ച മുൻ നാവികസേന ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ വിമർശവുമായി വഡോദര ജില്ലാ കോടതി. കിടപ്പറയിൽ മാത്രമല്ല കിടക്കയിലും ഭാര്യയാണെങ്കിൽ പോലും വ്യക്തിയുടെ സ്വകാര്യത മാനിക്കണമെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച കോടതി കാമറ എടുത്തുമാറ്റാനും ഭാര്യയുടെയും കുട്ടികളുടെയും ചെലവിലേക്ക് മാസം തോറും 40,000 രൂപ നൽകാനും ഉത്തരവിട്ടു.

കുട്ടികളുടെ കായികപരിശീലനത്തിന്റെ ഭാഗമായി ഭാര്യ മുംബയിലാണ് താമസം.കൊവിഡ് രൂക്ഷമായതോടെ മാർച്ചിൽ യുവതി കുട്ടികൾക്കൊപ്പം ഭർത്താവിന്റെ വഡോദരയിലെ വീട്ടിലേക്ക് താമസം മാറ്റി. 43കാരനായ ഭർത്താവ് മദ്യപിച്ച് നിരന്തരം ആക്രമിച്ചിരുന്നതായി യുവതി പറയുന്നു. സംശയരോഗം കലശലായതോടെ, മെയ് ആദ്യം കിടപ്പുമുറിയിൽ കാമറ സ്ഥാപിച്ചു. അസ്വസ്ഥരായ ഭാര്യയും മക്കളും ഇത് നീക്കം ചെയ്യാൻ പലതവണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

വഴക്കിനിടെ യുവതിയെ മൊബൈൽ ഫോൺ തകർത്തു. പാസ്‌പോർട്ടും ആധാർ കാർഡും പിടിച്ചെടുത്തു. തന്നെ മർദ്ദിക്കുമ്പോഴും കുട്ടികളെ ഭയപ്പെടുത്തുമ്പോഴും ക്യാമറ ഓഫാക്കി വയ്ക്കുമായിരുന്നെന്നും യുവതി പറഞ്ഞു.

മർദ്ദനത്തിൽ സഹികെട്ട യുവതി പൊലീസിനെ സമീപിച്ചെങ്കിലും കുടുംബജീവിതത്തിൽ ഇതെല്ലാം ' സഹജമാണെന്നാണ് ഉദ്യോഗസ്ഥർ നൽകിയ ഉപദേശം. ഇതിനെത്തുടർന്നാണ്, തനിക്കും കുട്ടികൾക്കും ശല്യമില്ലാതെ വീട്ടിൽ താമസിക്കാൻ അവസരം ഉണ്ടാക്കണമെന്നും ഭർത്താവിൽ നിന്ന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച കോടതി ഇവരെ ശല്യപ്പെടുത്തരുതെന്നും ജീവനാംശം കൃത്യമായി നൽകണമെന്നും വിധിച്ചു.