മലയിൻകീഴിന് തിലകക്കുറിയാകുന്ന മികവിന്റെ കേന്ദ്രം യാഥാർത്ഥ്യത്തിലേക്ക്

Thursday 17 September 2020 6:32 AM IST

മലയിൻകീഴ് : മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അന്തർ ദേശീയ നിലവാരത്തിലുള്ള മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അവസാനവട്ട മിനുക്ക് പണിക്കളാണ് ശേഷിക്കുന്നത്. ഉദ്ഘാടനം 24 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. 8.5 കോടി രൂപ അടങ്കൽ തുക പ്രതീക്ഷിച്ച് 2018 ഒക്ടോബർ 26 ന് ആരംഭിച്ച മന്ദിരത്തിന് ഇതുവരെ 8 കോടി രൂപ ചെലവാക്കി.

പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച സ്കൂളികളിലൊന്നായ കാട്ടാക്കട മണ്ഡലത്തിലുൾപ്പെട്ട മലയിൻകീഴ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയിൻകീഴ് ജംഗ്ഷന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. 5 മുതൽ 10 വരെ ഇംഗീഷ്, മലയാളം മീഡിയനുകളും പ്ലസ് ടുവിന് 3 ബാച്ചുകളുമാണുള്ളത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ബയോളജി സയൻസ്, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ മൂന്ന് ബാച്ചുകളാണുള്ളത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹുമാനിറ്റിക്സ് ബാച്ച് അനുവദിക്കണമെന്ന് നേരത്തെ സ്കൂൾ പി.ടി.എ മന്ത്രിക്കും എം.എൽ.എയ്ക്കും നിവേദനം നൽകിയിരുന്നു. പുതിയ മന്ദിരം പ്രവർത്തനമാരംഭിക്കുന്നതോടെ പുതിയ ബാച്ചുകൾ സർക്കാർ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ.