കേരളമടക്കം 12 സംസ്ഥാനങ്ങളിൽ ഐസിസ് സജീവമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ

Thursday 17 September 2020 1:24 AM IST

ന്യൂഡൽഹി: രാജ്യത്ത് കേരളമടക്കം 12 സംസ്ഥാനങ്ങളിൽ ഭീകര സംഘടനയായ ഐസിസ് സജീവമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. രാജ്യസഭയിൽ ബി.ജെ.പി എം.പി വിനയ് പി.സഹസ്രബുദ്ധെയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി മറുപടി നൽകുകയായിരുന്നു.

ഐസിസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി എൻ.ഐ.എ 17 കേസുകൾ രജിസ്‌റ്റർ ചെയ്‌ത് 122 പേരെ അറസ്‌റ്റു ചെത്‌തിട്ടുണ്ട്. ജമ്മുകാശ്‌മീർ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്‌ചിമ ബംഗാൾ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലും ഐസിസ് സജീവമാണ്.

യു.എ.പി.എ പ്രകാരം ഐസിസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രാജ്യത്ത് അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണ ഏജൻസികൾ സൈബർ നിരീക്ഷണം ഉൾപ്പെടെ ശക്തമാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.