സമരങ്ങളെ ചോരയിൽ മുക്കാമെന്ന് മുഖ്യമന്ത്രി കരുതരുത്: മുല്ലപ്പള്ളി

Thursday 17 September 2020 12:45 AM IST

തിരുവനന്തപുരം: സമാധാനപരമായി നടത്തുന്ന സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റിക്കുകയും വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുകയും ചെയ്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷൻ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ആനാട് ജയൻ, ജിവി ഹരി, ജോൺ വിനേഷ്യസ്, അൻസജിത റസൽ, വിനോദ്കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.