മാനസികനില തെറ്റിയത് മുഖ്യമന്ത്രിക്ക്: കെ. സുരേന്ദ്രൻ

Thursday 17 September 2020 12:47 AM IST

തിരുവനന്തപുരം: ഭയം വേട്ടയാടുന്ന മുഖ്യമന്ത്രിക്കാണ് മാനസിക നില തെറ്റിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രി ജലീലിന്റെയും രാജിയാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ പരസ്യമായി വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി പാർട്ടി ക്രിമിനലുകൾക്കും പൊലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നൽകുന്നത്.

സ്വർണക്കടത്തിലും മയക്കുമരുന്ന് കേസിലുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനും മറ്റു മന്ത്രിമാർക്കും സി.പി.എം നേതാക്കളുടെ മക്കൾക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയത് അന്വേഷണ ഏജൻസികളാണ്. പക്ഷേ ആരോപണങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഒ. രാജഗോപാൽ എം.എൽ.എ, വി.വി. രാജേഷ്, പി. സുധീർ, നിവേദിത, പ്രഫുൽകൃഷ്ണ, എൻ.പി. രാധാകൃഷ്ണൻ വി.ടി. രമ, ജെ.ആർ. പദ്മകുമാർ, സി. ശിവൻകുട്ടി, കരമനജയൻ, എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.