എൻ.ഐ.എ അപേക്ഷ: സ്വപ്നയെ ഇന്നലെയും ഹാജരാക്കിയില്ല

Thursday 17 September 2020 12:01 AM IST

കൊച്ചി : സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻ.ഐ.എ നൽകിയ അപേക്ഷയിൽ ,സ്വപ്‌ന സുരേഷിനെ ഇന്നലെയും കോടതിയിൽ ഹാജരാക്കിയില്ല. 22 ന് ഹാജരാക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

സ്വപ്ന, സന്ദീപ് , മുഹമ്മദ് ഷാഫി, മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദ് അൻവർ എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് എൻ.ഐ.എ അപേക്ഷ നൽകിയത്. ഇവരിൽ സ്വപ്നയും അൻവറും ഒഴികെയുള്ള പ്രതികളെ വെള്ളിയാഴ്ച വരെ കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ അൻവറിനെയും എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു. എന്നാൽ നെഞ്ചുവേദനയെത്തുടർന്ന് തൃശൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വപ്നയെ കസ്റ്റഡിയിൽ വിട്ടുകൊടുക്കുന്നകാര്യം മെഡിക്കൽബോർഡ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്വപ്നയെ കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റി.