വിനോദ യാത്രയ്‌ക്കിടെയിൽ ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിയെ അടുത്ത് വിളിച്ചിരുത്തി പീഡിപ്പിച്ചു, കോഴിക്കോട് കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: വിനോദ യാത്രയ്ക്കിടയിൽ ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസ്സിൽ അറസ്റ്റിലായ ഫാറൂഖ് കോളേജ് മലയാളം അദ്ധ്യാപകൻ ഖമറുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ് ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം.
കുടജാദ്രിയിലേക്ക് വിനോദയാത്രയ്ക്ക് തിരിച്ച ബസിൽ ഏറ്റവും പിറകിലെ സീറ്റിലിരുന്ന അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ അടുത്തേക്ക് വിളിച്ചിരുത്തുകയായിരുന്നു. മറ്റുള്ള വിദ്യാർത്ഥികൾ മയക്കത്തിലായപ്പോൾ അദ്ധ്യാപകൻ പീഡിപ്പിച്ചെന്നാണ് കേസ്. ഭയന്ന് പോയ വിദ്യാർത്ഥിനി ആരോടും പറഞ്ഞില്ല. എന്നാൽ കോളേജിൽ തിരിച്ചെത്തിയപ്പോൾ അദ്ധ്യാപകനിൽ നിന്നുണ്ടായ ദുരനുഭവം സഹപാഠികളോട് പറഞ്ഞു.
തുടർന്ന് എസ്.എഫ്.ഐ യൂണിറ്റും മലയാളം വകുപ്പും മാനേജ്മെന്റിൽ പരാതി നൽകി. അന്വേഷണത്തിൽ പീഡനം നടന്നതായി കണ്ടെത്തിയതോടെ മനേജ്മെന്റ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. ഒളിവിൽ പോയ അദ്ധ്യാപകനെ ചൊവ്വാഴ്ചയാണ് കോഴിക്കോട് സൗത്ത് അസി. പൊലീസ് കമ്മിഷണർ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.