നിതിൻ ഗഡ്കരിക്ക് പിന്നാലെ കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലിനും കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്നലെ രാത്രിയോടെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചത്. തിങ്കളാഴ്ച താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും മന്ത്രി ട്വീറ്റിൽ കുറിച്ചു.
കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രിയായ നിതിൻ ഗഡ്കരിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താൻസ്വയം നിരീക്ഷണത്തിലാണെന്നും ആരോഗ്യ നില തൃപ്‌തികരമാണെന്നും മന്ത്രി തന്നെ ഇന്നലെ അറിയിച്ചു. ക്ഷീണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ കേന്ദ്ര മന്ത്രിസഭയിലെ എട്ട് മന്ത്രിമാർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്, ജലശക്തി മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാൻ, കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി, പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർക്ക് മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം ഇന്ത്യയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 51,18,254 ആയി. 24 മണിക്കൂറിനിടെ 97,894 പുതിയ കേസുകളും 1132 മരണവും റിപ്പോർട്ട് ചെയ്‌തു. സെപ്‌തംബർ 15 വരെ 6,05,65,728 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.