കോടമ്പാക്കം വീണ്ടും സജീവമാകുന്നു
ലോക്ക്ഡൗണിനുശേഷം തമിഴ് ചലച്ചിത്ര രംഗവും കോടമ്പാക്കവും വീണ്ടും സജീവമാകുന്നു. കെ.ടി. കുഞ്ഞുമോന്റെ ബ്രഹ്മാണ്ഡ ചിത്രമായ ജെന്റിൽമാൻ2 വിന്റെ പ്രഖ്യാപനത്തോടെയാണ് കോടമ്പാക്കം വീണ്ടും ഉണർന്നത്. കഴിഞ്ഞ തിങ്കളാഴ്ച സംവിധായകൻ സുന്ദർ.സി യും കുശ്ബുവും അവ്നി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു .ആറു മാസത്തെ ലോക്ക്ഡൗണിനുശേഷം ചിത്രീകരണം ആരംഭിക്കുന്ന ആദ്യ സിനിമയാണിത്. പ്രസന്ന, ശ്യാം, അശ്വിൻ എന്നിവരാണ് ബദ്രി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ അഭിനേതാക്കൾ.
റഹ്മാൻ നായകനായി അഭിനയിച്ച കർക്ക കസഡറയുടെ അവസാന ഘട്ട ചിത്രീകരണവും ചെന്നൈയിൽ നടക്കുകയാണ്. വിദ്യാഭ്യാസ രംഗത്തെ അഴിമതി, ഭരണ സംവിധാനത്തിന്റെ തകർച്ച എന്നിവയെ പ്രതിപാദിക്കുന്ന ഈ സിനിമയുടെ സംവിധായകൻ സുബ്ബുറാമാണ്. ഈ ആഴ്ചയോടെ കൂടുതൽ സിനിമകളുടെ ചിത്രീകരണങ്ങൾ ആരംഭിക്കുമെന്നും കോടമ്പാക്കം കൂടുതൽ സജീവമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് സിനിമകളുടെ ചിത്രീകരണം നടക്കുന്നത്.