ഉമ്മൻചാണ്ടിക്ക് ആശംസയുമായി പ്രമുഖർ

Friday 18 September 2020 12:00 AM IST

 കോടിയേരി ബാലകൃഷ്ണൻ

ഉമ്മൻചാണ്ടി പരിണിത പ്രജ്ഞനായ നേതാവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എല്ലാവരെയും സ്വീകരിക്കുകയെന്ന ഉമ്മൻ ചാണ്ടിയുടെ നിലപാട് അദ്ദേഹത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തു. നിയമസഭയിൽ പരസ്പരം ഏറ്റുമുട്ടമ്പോഴും സഭ്യമായി പെരുമാറിയെന്നും അദ്ദേഹം പറ‌ഞ്ഞു.

 കാനം രാജേന്ദ്രൻ

രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ഉമ്മൻചാണ്ടി. ഒരു മണ്ഡലവുമായി അത്രയേറെ ആത്മബന്ധമുള്ളതുകൊണ്ടാണ് അവിടെ തുടർച്ചയായി അമ്പത് വർഷം ജനപ്രതിനിധിയാകാൻ കഴിഞ്ഞത്. മുഖവര ആവശ്യമില്ലാത്ത നേതാവാണ് ഉമ്മൻചാണ്ടി.

കുമ്മനം രാജശേഖരൻ

അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടി കെ.എസ്.യു നേതാവായിരിക്കുമ്പോൾ താൻ കോട്ടയത്ത് കോളേജ് വിദ്യാർത്ഥിയാണ്. പിന്നീട് പലതവണ അടുത്തിടപഴകാനും കഴിഞ്ഞു.

 ജി.സുകുമാരൻ നായർ

പുതുപ്പള്ളിയിൽ നിന്ന് ഇനിയും മത്സരിച്ച് ജയിച്ച് നിയമസഭയെ നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. നായർ സമുദായത്തിന്റെ സുഹൃത്തും അഭ്യുദയകാംഷിയുമാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തോട് വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്.

 പി.കെ.കുഞ്ഞാലിക്കുട്ടി

ഉമ്മൻചാണ്ടി പ്രത്യേക പ്രതിഭാസമാണെന്ന് ഞങ്ങൾ അത്ഭുതത്തോടെയാണ് നോക്കി നിൽക്കുന്നത്. ഉമ്മൻ ചാണ്ടി ആഹ്ലാദിക്കുന്നത് ആൾക്കൂട്ടങ്ങൾക്ക് നടുവിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 എം.മധു

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനൊപ്പം എന്നും നിന്നിട്ടുള്ളയാളാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രസിഡന്റ് എം.മധു പറഞ്ഞു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ യൂണിയന് പടുത്തുയർത്താനായത് അദ്ദേഹത്തിന്റെ സഹായം കൊണ്ടുകൂടിയാണ്.

മമ്മൂട്ടി

ഉമ്മൻചാണ്ടിയുടെ സന്തോഷ കാലത്ത് ഒപ്പം നിന്നില്ലെങ്കിലും അദ്ദേഹം വിഷമിച്ച പലഘട്ടത്തിലും വാക്കുകളിലൂടെയങ്കിലും ആശ്വാസമാകാൻ കഴിഞ്ഞിട്ടുണ്ട്.

മോഹൻലാൽ

ലളിത ജീവിതം നയിക്കുന്ന ആദർശ ശാലി. അദ്ദേഹത്തിന്റെ ഈ ജീവതചര്യകൊണ്ടു കൂടിയാണ് പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി വിജയിക്കാനായത്.