ജലീൽ കാട്ടിയത് സമൂഹത്തിന് വേണ്ടിയുള്ള കരുതൽ: മുഖ്യമന്ത്രി

Friday 18 September 2020 12:15 AM IST

തിരുവനന്തപുരം: എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രി കെ.ടി. ജലീൽ രാത്രിയിൽ പുറപ്പെട്ടതും അതിരാവിലെ സി.പി.എം നേതാവിന്റെ കാറിൽ എൻ.ഐ.എ ഓഫീസിലെത്തി കാത്തുനിന്നതുമൊക്കെ പൊലീസ് സുരക്ഷയുടെ ഭാഗമായി നാടിന് വിഷമമുണ്ടാകരുതെന്ന കരുതലാണെന്നും, അല്ലാതെ എന്തിനെയെങ്കിലും ഭയപ്പെട്ടിട്ടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാട്ടിൽ സാധാരണരീതിയിലുള്ള അന്തരീക്ഷമല്ല ഇപ്പോൾ. അനാവശ്യ പ്രശ്നങ്ങളും സംഘർഷങ്ങളും അതിനപ്പുറത്തെന്തെങ്കിലും ഉണ്ടാക്കാൻ പറ്റുമോയെന്ന് ചിന്തിക്കുന്ന (അതെന്താണെന്ന് താനിപ്പോൾ, ഈ കസേരയിലിരുന്ന് പറയുന്നില്ല) ശരിയല്ലാത്ത മനസുകൾ ധാരാളം പ്രവർത്തിക്കുന്നുണ്ട്. നിങ്ങൾക്ക് (മാദ്ധ്യമങ്ങൾക്ക്) അത് മനസിലാക്കാൻ കഴിയാത്തതല്ല. ജലീൽ തിരുവനന്തപുരത്തേക്ക് വന്നപ്പോൾ എന്തൊക്കെയാണന്ന് സംഭവിച്ചത്. എവിടെയൊക്കെ അക്രമം നടന്നു. അദ്ദേഹത്തിന്റെ ജീവൻ അപായപ്പെടുത്താനുള്ള ശ്രമമല്ലേ ഉണ്ടായത്. അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിക്കാനുള്ള ബാദ്ധ്യത പൊലീസിനുണ്ട്. വലിയ സംഘർഷമല്ലേ അന്നേരം സംഭവിക്കുക. തന്റെ പേരിൽ മറ്റൊരു പ്രശ്നമുണ്ടാകരുതെന്ന ചിന്ത ഇങ്ങനെയൊരു യാത്രയ്ക്ക് വഴിതെളിച്ചിട്ടുണ്ടാവും. വഴി നീളെ മാദ്ധ്യമങ്ങൾ പിന്നാലെ കൂടുമല്ലോ. ആ കൂട്ടത്തിൽ നിന്നുകൊണ്ട് നിങ്ങൾ വാർത്ത കൊടുക്കുന്നു, അപ്പോൾ വഴിയിൽ അത് ദുരുപയോഗപ്പെടുത്തേണ്ടവർ കാത്തുനിൽക്കുന്നു. വാഹനം കേറ്റേണ്ടവർ അത് ചെയ്യും. ഇടിച്ചിടാനും കല്ലെടുത്തെറിയാനും നോക്കുന്നവർ അതിനും ശ്രമിക്കും. അതിന്റെ ഭാഗമായുള്ള ജലീലിന്റെ കരുതൽ സമൂഹത്തിന് വേണ്ടിയുള്ളതാണ്- മുഖ്യമന്ത്രി പറഞ്ഞു.