ജലീലിന് രക്ഷാകവചമൊരുക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന് രക്ഷാകവചമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഇനി കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ല. സർക്കാർ രാജിവയ്‌ക്കുംവരെ പ്രക്ഷോഭം ശക്തമായി തുടരും. കള്ളക്കടത്തുകാർക്കായി അധികാരം ദുരുപയോഗിച്ചതിനാണ് മന്ത്രി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്.
ഖുറാൻ വന്നതുമായി ബന്ധപ്പെട്ട് ജലീൽ പറഞ്ഞതെല്ലാം കളവാണെന്ന് ബോധ്യപ്പെട്ടു. മന്ത്രിയെ പ്രതി ചേർത്താലും അറസ്റ്റ് ചെയ്താലും രാജിവയ്ക്കേണ്ടതില്ലെന്ന സി.പി.എം നിലപാട് അപഹാസ്യമാണ്. കള്ളക്കടത്തുകാരെയും രാജ്യദ്രോഹികളെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. അന്വേഷണം മന്ത്രിമാരിലേക്കും സി.പി.എം നേതാക്കളിലേക്കുമെത്തിയപ്പോൾ അത് അട്ടിമറിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും പത്രസമ്മേളനത്തിൽ പങ്കെടുത്തു.