ആറാം തലമുറ യുദ്ധവിമാനവുമായി അമേരിക്ക, ഡ്രോണുകൾക്ക് പിടിക്കാനാകാത്ത വേഗത, സവിശേഷതകൾ ഏറെ

Thursday 17 September 2020 10:21 PM IST

ന്യൂയോർക്ക്: അതിർത്തിയിൽ ചെെനയുമായുളള സംഘർഷങ്ങൾക്കിടെയാണ് അഞ്ചാം തലമുറ യുദ്ധവിമാനമായ റഫേൽ ഇന്ത്യ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ആറാം തലമുറ യുദ്ധവിമാനങ്ങളുമായി അമേരിക്ക എത്തുന്നുവെന്ന വിവരങ്ങൾ പുറത്തുവരുന്നത്. യു.എസ് വ്യോമസേന അതീവ രഹസ്യമായി നിർമിച്ച ആറാം തലമുറ പോർവിമാനത്തിന്റെ പരീക്ഷണ പറക്കൽ നടന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലോകം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വേഗതയേറിയതും മികച്ച ശേഷിയുളളതുമായ യുദ്ധവിമാനങ്ങളാകും ഇവ. ചില സെെനിക നിരീക്ഷകരെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അമേരിക്കയുടെ നീക്കം. ലോകത്തെ ഏറ്റവും മികച്ചതും പൂർണവുമായ ഒരു വിമാനം നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്തുവെന്ന് യു.എസ് വ്യോമസേന മേധാവി വിൽ റോപ്പർ പറഞ്ഞു. എന്നാൽ യുദ്ധവിമാനത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിലുളള അഞ്ചാം തലമുറയുദ്ധവിമാനമായ എഫ് -22 വിമാനത്തിന്റെ നവീകരിച്ച പതിപ്പാകും ആറാം തലമുറ യുദ്ധവിമാനങ്ങളെന്ന് ചില സെെനിക നിരീക്ഷകർ പറയുന്നു. ലേസർ ആയുധങ്ങളും ഡ്രോണുകളും ഉൾപ്പെടെയാകും ആറാം തലമുറയുദ്ധ വിമാനങ്ങളെത്തുക. ഒരേസമയം ഒന്നിലധികം പ്രവർത്തനങ്ങളും സെെനിക നടപടികളും ആറാം തലമുറയുദ്ധപോർ വിമാനങ്ങൾക്ക് സാധ്യമാകും. ഇതിനൊപ്പം ഡ്രോണുകളുടെ കണ്ണിൽ പെടാതെ പറക്കാനുളള വേഗതയും കഴിവും ഇതിനുളളതായും വിദഗ്ദ്ധർ പറയുന്നു. എട്ട് ബില്ല്യൺ ഡോളറാണ് ഇതിന് ചിലവുവരികയെന്നാണ് കരുതപ്പെടുന്നത്.