വിവാദ വൈറോളജിസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തു

Friday 18 September 2020 12:30 AM IST

വാഷിംഗ്ടൺ: ചൈനയ്ക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി പ്രശസ്ത ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെം‌ഗ്ഗ് യാൻ. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ചൈന ശരിയായ മാർഗങ്ങൾ സ്വീകരിച്ചില്ലെന്നാണ് യാൻ പറയുന്നത്. ഇതേ തുടർന്ന് യാനിന്റെ സമൂഹമാധ്യമ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തു. തങ്ങളുടെ നിയമങ്ങൾക്കെതിരെ പ്രവർത്തിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യാനിന്റെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ചൈനീസ് ലാബുകളിൽ സൃഷ്ടിക്കപ്പെട്ടതാണെന്ന് തുറന്നു പറഞ്ഞതിലൂടെയാണ് യാൻ ചൈനയുടെ കണ്ണിലെ കരടായത്. തെളിവുകൾ സഹിതമാണ് യാൻ ഒരു അഭിമുഖത്തിൽ വിവാദ പ്രസ്താവന ഉന്നയിച്ചത്. ഇതോടെ ചൈനീസ് അധികാരികളുടെ ഭാഗത്തുനിന്ന് യാനിന് വധഭീഷണി ഉൾപ്പെടെയുള്ള ഉപദ്രവങ്ങൾ നേരിട്ടു. തുടർന്ന് യാൻ അമേരിക്കയിലേക്ക് നാടുവിട്ടു. യാനിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖകളിൽ നിന്ന് ചൈനീസ് സർക്കാർ നീക്കം ചെയ്തിരുന്നു.