മാലക്കള്ളൻ പിടിയിൽ

Friday 18 September 2020 6:31 AM IST

കാലടി: ഓൺലൈൻ ഡെലിവറി ബോയായും പരിചയം നടിച്ചും വീടുകളിലെത്തി മാല മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. നെയ്യാറ്റിൻകര ഓലതാന്നി തിരുപ്പുറം ഷീലാഭവനിൽ ആനന്ദ്കുമാറിനെയാണ് (28) റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

നിരവധി മാലമോഷണ കേസുകളിൽ പ്രതിയായ ഇയാൾ കാലടി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നുമാത്രം മൂന്നു പേരുടെ മാല പൊട്ടിച്ചെടുത്തിട്ടുണ്ട്. മറ്റൂരിൽ വീടിന്റെ വരാന്തയിലിരുന്ന വൃദ്ധനോട് ഓൺലൈനിൽ എന്തെങ്കിലും ഓർഡർ ചെയ്തിരുന്നോയെന്നു ചോദിച്ച് അടുത്തെത്തി രണ്ടു പവന്റെ മാല പൊട്ടിച്ചെടുത്തതും മഞ്ഞപ്രയിൽ മകനെ കാണാനാണെന്ന് പറഞ്ഞ് വീട്ടിലെത്തുകയും വീട്ടമ്മയുടെ രണ്ടര പവന്റെ മാല കവർന്നതും ആനപ്പാറയിൽ അഡ്വക്കേറ്റിനെ കാണാനെന്ന വ്യാജേനെ വീട്ടിലെത്തി വീട്ടമ്മയെ ആക്രമിച്ച് നാലര പവന്റെ മാല കവർന്നതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

പ്രതിക്ക് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ സമാനമായ കേസുകൽ നിലവിലുണ്ട്. തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരം സ്വദേശിനിയായ വീട്ടമ്മയുടെ 4 പവൻ സ്വർണമാല പൊട്ടിച്ചതിനും കാട്ടാക്കട മാരാനല്ലൂരിലെ വീട്ടിൽ കയറി 80 വയസുകാരിയുടെ രണ്ടര പവന്റെ മാല കവർന്നതിനും കോട്ടയം ചെങ്ങമനാട് ഹോസ്പിറ്റലിൽ കയറി ലാപ്ടോപ്പ് കവർന്നതിനും പ്രതിക്കെതിരെ കേസ് നിലവുലുണ്ട്. പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി.

പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോൻ, കാലടി സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, ദേവസി, ജോണി, ജെയിംസ്, എ.എസ്.ഐ അബ്ദുൾ സത്താർ, സി.പി.ഒമാരായ മനോജ്, മാഹിൻഷാ എന്നിവരും സംഘത്തിലുണ്ടായിരുന്നു.