പ്രതിപക്ഷം പിടി മുറുക്കുന്നു ;​ സി.പി.എമ്മിൽ പിരിമുറുക്കം

Friday 18 September 2020 12:44 AM IST

തിരുവനന്തപുരം:എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും ചോദ്യം ചെയ്‌ത മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കായി യു.ഡി.എഫും ബി.ജെ.പിയും തെരുവിൽ പ്രതിഷേധം കനപ്പിക്കവേ, അങ്ങേയറ്റത്തെ പിരിമുറുക്കത്തിൽ സി.പി.എം. ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ച ചെയ്യും. വൈകിട്ട് നാലിന് എൽ.ഡി. എഫും ചേരും.

പരാതികളിൽ വ്യക്തത വരുത്താൻ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത് സ്വാഭാവികമാണെന്നാണ് സി.പി.എം വിലയിരുത്തൽ. മന്ത്രിക്കെതിരെ കേസ് ഇല്ലെന്നിരിക്കെ, യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പ് ഉന്നമിട്ട് രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും സി.പി.എം കേന്ദ്രങ്ങൾ പറയുന്നു. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാകും ഇന്ന് ചർച്ച ചെയ്യുക.

ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷപ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം സി.പി.എമ്മിന് ആശ്വാസമാണ്. ഇടതുമുന്നണി യോഗത്തിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ മുന്നണിയിൽ കൂട്ടായ നീക്കത്തിന് സി.പി.എം ശ്രമിച്ചേക്കും.

പരാതികളുടെ പേരിലുള്ള ചോദ്യം ചെയ്യലിൽ ജലീൽ കൈക്കൊണ്ട രീതികൾ വിനയായെന്ന അഭിപ്രായം സി.പി.എമ്മിലും സി.പി.ഐയിലും ഉണ്ട്. രഹസ്യ സ്വഭാവം വരുത്താൻ ശ്രമിച്ചത് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതി ഉണർത്തിയെന്നാണ് ആക്ഷേപം. അതൊഴിവാക്കാമായിരുന്നു എന്നാണ് അഭിപ്രായം.

ജലീലിനെ എൻ.ഐ.എയും ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തിന്റെ ഉന്നം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രിയെ സംശയമുനയിൽ നിറുത്തി മന്ത്രിസഭയെ പ്രതിരോധത്തിലാക്കാനാണ് ശ്രമം.

മതഗ്രന്ഥ,​ സക്കാത്ത് വിഷയങ്ങളിൽ ബി.ജെ.പിയുടെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ ജലീലിനെതിരെ നടപടിയെടുത്താൽ സി.പി.എമ്മിന് ദോഷമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ തുണച്ച കാന്തപുരം വിഭാഗമുൾപ്പെടെ ഈ വിഷയത്തിൽ ജലീലിനെ തുണച്ചിട്ടുണ്ട്. മലപ്പുറത്തെ ലീഗ് കോട്ടകളിൽ സ്വാധീനം കൂട്ടാൻ ജലീലിന്റെ സാന്നിദ്ധ്യം ഉപകരിച്ചിട്ടുണ്ടെന്ന കണക്കുകൂട്ടൽ സി.പി.എമ്മിലുണ്ട്. ബി.ജെ.പി നേതാവിന്റെ പരാതിയിലാണ് ജലീലിനെ ചോദ്യം ചെയ്തത് എന്നതും അത് കോൺഗ്രസും യു.ഡി.എഫും ഏറ്റെടുക്കുന്നതും യു.ഡി.എഫ്- ബി.ജെ.പി ബാന്ധവമാക്കി പ്രചരിപ്പിക്കാനാണ് ഇടതുനീക്കം. സ്വർണ്ണക്കടത്തിൽ പ്രധാനികളിൽ പലരെയും ചോദ്യം ചെയ്യാതെ മന്ത്രിയെ ചോദ്യം ചെയ്തതിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയലാക്കും സി.പി.എം സംശയിക്കുന്നു.

ജോസ് കെ.മാണിയെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ പ്രാഥമികചർച്ചയും മുന്നണി യോഗത്തിലുണ്ടായേക്കും. ഘടകകക്ഷികളോട് അഭിപ്രായം തേടാനായിരിക്കും സാദ്ധ്യത. 23, 24 തീയതികളിൽ സി.പി.ഐ എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യാനിരിക്കുകയാണ്.