ഇന്ത്യയുടേതടക്കം നെറ്റ്‌വ‌ർക്കുകൾ ഹാക്ക് ചെയ്തു, ചൈനീസ് ഹാക്കർമാർക്കെതിരെ കേസെടുത്ത് അമേരിക്ക

Friday 18 September 2020 12:49 AM IST

വാഷിംഗ്ടൺ: ഇന്ത്യൻ സർക്കാരിന്റെ നെറ്റ്‌വർക്കുകൾ അടക്കം അമേരിക്കയിലെയും വിദേശത്തെയും നൂറിലധികം കമ്പനികളെയും സ്ഥാപനങ്ങളെയും ഹാക്ക് ചെയ്തതിനും സോഫ്റ്റ്‌വെയർ ഡേറ്റയും ബിസിനസ് ഇന്റലിജൻസും മോഷ്ടിച്ചതിനും അഞ്ച് ചൈനീസ് പൗരന്മാർക്കെതിരെ അമേരിക്ക കേസെടുത്തു. ഇവരെ സഹായിച്ച രണ്ട് മലേഷ്യൻ പൗരന്മാരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.കുറ്റാരോപിതരായ ചൈനീസ് പൗരന്മാർ അമേരിക്ക വിട്ടെന്നാണ് വിവരം. 2019ൽ ഇവർ ഇന്ത്യ ഗവൺമെന്റിന്റെ വെബ്സൈറ്റുകളും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും ഡേറ്റ ബേസ് സർവറുകളും ഹാക്ക് ചെയ്തു. ഇന്ത്യാ ഗവൺമെന്റിന്റെ തുറന്ന വി.പി.എൻ നെറ്റ‌്‌വർക്കിലേക്ക് കണക്ട് ചെയ്യാൻ ഹാക്കർമാർ വി.പി.എസ് പ്രൊവൈഡർ സെർവറുകൾ ഉപയോഗിച്ചെന്നും സർക്കാർ പരിരക്ഷിത കംപ്യൂട്ടറുകളിൽ കോബാൾട്ട് സ്ട്രൈക്ക് മാൽവെയർ സ്ഥാപിച്ചെന്നും ഡെപ്യൂട്ടി യു.എസ് അറ്റോർണി ജനറൽ ജഫ്രി റോസൻ പറഞ്ഞു.

വിയറ്റ്നാമിലെയും ബ്രിട്ടനിലെയും സർക്കാർ നെറ്റ്‌വർക്കുകളെ ഹാക്ക് ചെയ്യാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു. ബ്രിട്ടനിലെ നെറ്റ്‌വർക്കുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഓസ്ട്രേലിയ, ബ്രസീൽ, ചിലി, ഹോങ്കോംഗ്, ജപ്പാൻ, മലേഷ്യ , പാകിസ്ഥാൻ, സിംഗപ്പൂർ, സൗത്ത് കൊറിയ, തായ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ നെറ്റ് വർക്കുകളും ഹാക്ക് ചെയ്യാൻ ശ്രമിച്ചതായും നിയമവിഭാഗം പറയുന്നു. ചൈനയുമായുള്ള സൗഹൃദം എന്ത് തെറ്റും ചെയ്യാനുള്ള ലൈസൻസായി ചില കുറ്റവാളികൾ കരുതുന്നു. തങ്ങളുടെ പൗരന്മാരെ കമ്പ്യൂട്ടർ ഹാക്കർമാരാക്കി ലോകം മുഴുവൻ കടത്തിവിടാനുള്ള ശ്രമത്തിലാണ് ചൈനയെന്നും വിവരങ്ങൾ ചോർത്തി പണം സമ്പാദിക്കുകയാണ് ലക്ഷ്യമെന്നും യു.എസ് പ്രതിനിധി പറയുന്നു.