ഗാന്ധിത്തൊപ്പി ധരിച്ച പത്രാധിപർ
ഒരേയൊരു ലീഡർ കെ. കരുണാകരൻ, ഒരേയൊരു സഖാവ് പി. കൃഷ്ണപിള്ള, രാഷ്ട്രീയക്കാരിലെ ഒരേയൊരു സാർ മാണിസാർ. അതുപോലെ ഒരേയൊരു പത്രാധിപർ കെ. സുകുമാരൻ. ആചന്ദ്രതാരം അതിൽ മാറ്റവുമുണ്ടാകില്ല. അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു. ശ്രീമൂലം പ്രജാസഭാംഗവും എസ്.എൻ.ഡി.പി യോഗം പ്രസിഡന്റുമായിരുന്നു. പക്ഷേ, കേരളം കണ്ട ആ ധിഷണാശാലിയുടെ ശിരസിനിണങ്ങുന്ന ഏറ്റവും യോജിച്ച തൊപ്പി പത്രാധിപരുടേതാണ്. ആനുഷംഗികമായി പറയട്ടെ അദ്ദേഹം ഗാന്ധിത്തൊപ്പി ധരിച്ച പത്രാധിപർ കൂടിയായിരുന്നു. അതു വെറും അലങ്കാരത്തൊപ്പിയായിരുന്നില്ല മറിച്ച് ജീവിതദർശനത്തിന്റെ ഭാഗംകൂടിയായിരുന്നു. പത്രാധിപർ ആകുംമുമ്പ് കെ. സുകുമാരൻ സ്റ്റേറ്റ് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകൻ ആയിരുന്നല്ലോ.
കേരളം പ്രകാശഗോപുരമായി കരുതുന്ന ശ്രീനാരായണ ഗുരുവിന്റെ അക്ഷരലോകത്തെ ഏറ്റവും വലിയ ശിഷ്യനാണ് പത്രാധിപർ. ഗുരുവിന്റെ കാലത്ത് ( 1856- 1928) കുറച്ചുകാലം ജീവിക്കാൻ കഴിഞ്ഞു എന്നത് പത്രാധിപരുടെ (1903- 1981) പുണ്യം. ഒരു ഭ്രാന്താലയം പോലെ കഴിഞ്ഞ കേരളത്തെ ഉഴുതുമറിച്ചുകൊണ്ടായിരുന്നല്ലോ ഗുരുവിന്റെ കടന്നുവരവ്. 'ഒരു ജാതി ഒരു മതം ഒരു ദൈവം" എന്നതുപോലുള്ള ഗുരുദർശനങ്ങൾക്ക് സമൂഹത്തിലേക്ക് ചാട്ടുളിപോലെ തുളച്ചുകയറാൻ സാധിച്ചത് പത്രാധിപരിലൂടെയും കേരള കൗമുദിയിലൂടെയുമാണ്.
മഹത്തായ പൈതൃകം
മൺമറഞ്ഞ് 39 വർഷത്തിനുശേഷവും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ ഇന്നും കെ.സുകുമാരൻ എന്ന നാമധേയം നിറഞ്ഞുനില്ക്കുന്നു. ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും ശരംതൊടുന്ന അർജുനനെപ്പോലെ എഴുത്തിൽ മാത്രമല്ല, പ്രസംഗത്തിലും ജ്വലിച്ചുനിന്ന പത്രാധിപരാണ് അദ്ദേഹം. മൂർച്ചയേറിയ മുഖപ്രസംഗങ്ങൾ, ലേഖനങ്ങൾ, വാർത്തകൾ തുടങ്ങിയവ കേരള കൗമുദിയുടെ എക്കാലത്തെയും പ്രത്യേകതയാണ്. അത് സി.വി. കുഞ്ഞുരാമനിൽ നിന്ന് ആരംഭിച്ച് പുത്രൻ കെ.സുകുമാരനിലൂടെ കേരള കൗമുദിയുടെ മഹത്തായ പാരമ്പര്യമായി മാറുകയാണു ചെയ്ത്. പത്രാധിപരുടെ മുഖപ്രസംഗങ്ങൾക്ക് സ്വന്തമായ ഒരു വ്യക്തിത്വം ഉണ്ടായിരുന്നു. മൂർച്ചയുള്ള വാക്കുകളും തെളിമയുള്ള ചിന്തകളുമായിരുന്നു അതിന്റെ പ്രത്യേകത. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളായ നിഷ്പക്ഷതയും വിശ്വാസ്യതയും മുറുകെപ്പിടിച്ചാണ് പത്രം മുന്നോട്ടുപോയത്.
ഗുരുദേവൻ ഇളക്കിമറിച്ച മണ്ണിൽ സാമൂഹികനീതിക്കുവേണ്ടിയുള്ള ഒരു ജിഹ്വ അനിവാര്യമായിരുന്നു. കേരളകൗമുദിയെ ഒരിക്കലും ഒരു വർഗീയ ദിനപത്രമാക്കാതിരിക്കാൻ കെ. സുകുമാരൻ മുതൽ ഇപ്പോഴുള്ള ദീപു രവി വരെയുള്ള എല്ലാ പത്രാധിപന്മാരും വളരെ ശ്രദ്ധിച്ചിട്ടുണ്ട്. സ്വന്തം സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം അന്യസമുദായങ്ങളുടെ അവകാശങ്ങളും വികാരങ്ങളും കേരളകൗമുദി മാനിക്കുന്നു.
109 വർഷം പിന്നിട്ട പത്രം നാലു തലമുറകളെ പ്രചോദിപ്പിച്ചിട്ടാണ് ഇപ്പോഴും തലഉയർത്തി നില്ക്കുന്നത്. ഇപ്പോഴും സ്ഥാപക പത്രാധിപരുടെ പേരുള്ള ഏക പത്രവും കേരള കൗമുദിയാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്റെ പേരോ ചിത്രമോ പത്രത്തിൽ വരരുതെന്നു നിർബന്ധമുള്ള പത്രാധിപരായിരുന്നു എന്നത് മറ്റൊരു കാര്യം. പത്രങ്ങൾ വലിയ പ്രതിസന്ധികളെ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെ അതിജീവിച്ച് കേരള കൗമുദി മുന്നോട്ടുപോകുന്നത് സ്ഥാപക പിതാക്കൾ നല്കിയ ശക്തമായ അടിത്തറയുള്ളതുകൊണ്ടാണ്.
കേരളകൗമുദി എക്കാലവും മലയാളികളെ ചേർത്തുനിറുത്തിയിട്ടേയുള്ളൂ. മലയാളി മനസുകളെ കോർത്തിണക്കിയിട്ടേയുള്ളൂ. അതിന് പോറലേൽപ്പിച്ച് വളരാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല.
എസ്.എൻ.ഡി.പി യോഗത്തിനും പത്രാധിപർക്കും ഒരേ വയസാണ്. കേരളത്തെ ഇളക്കിമറിച്ച പ്രസ്ഥാനങ്ങളാണ് ഇരുവരും. ശ്രീനാരായണ ഗുരുദേവനായിരുന്നു പത്രാധിപരുടെ കൺകണ്ട ദൈവം. കേരളകൗമുദിയിൽ പത്രാധിപർ ഓരോ ദിവസവും ആരംഭിച്ചത് ഗുരുസ്മരണയോടെ 'തൃപ്പാദങ്ങളിൽ" എന്ന് പേപ്പറിൽ എഴുതിക്കൊണ്ടാണ്. 1954ൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ കൈയിൽ തന്നെയായിരുന്നു ദീർഘകാലം പ്രസ്ഥാനത്തിന്റെ കടിഞ്ഞാൺ.
സംസ്ഥാനത്തെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭ പിന്നാക്ക, മുസ്ലിംന്യൂനപക്ഷ, അവശക്രൈസ്തവ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ, ഉദ്യോഗ സംവരണം ഏർപ്പെടുത്തുന്നതിനെതിരെ നിലപാട് എടുത്തപ്പോൾ പത്രാധിപർ നടത്തിയ ഉജ്വലമായ പോരാട്ടം ചരിത്രത്തിലെ ഉജ്വലമായ ഏടാണ്. സാമ്പത്തിക സംവരണം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് ഇ.എം.എസ് ആയിരുന്നു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി മുന്നാക്കക്കാർ മാത്രം ഉൾപ്പെടുന്ന ഏഴംഗ ഭരണപരിഷ്കാര കമ്മിറ്റി, മുന്തിയ സർക്കാർ ഉദ്യോഗങ്ങളിൽ സാമുദായിക സംവരണം പാടില്ലെന്നു ശുപാർശ ചെയ്തു. സംവരണം ഏർപ്പെടുത്തിയാൽ ജനങ്ങളിൽ ജാതിചിന്ത ഉണരുമെന്നും ഭരണത്തിന്റെ കാര്യക്ഷമത തകരുമെന്നുമൊക്കെയാണ് സമിതി അന്നു ചൂണ്ടിക്കാട്ടിയത്.
1958ൽ ഗുരുദേവ സമാധി ദിനത്തിൽ കുളത്തൂർ ശ്രീനാരായണ വായനശാലയിൽ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് വേദിയിലിരിക്കെ കെ. സുകുമാരൻ ഇതിനു നല്കിയ ചുട്ടമറുപടിയാണ് 'കുളത്തൂർ പ്രസംഗം" എന്ന പേരിൽ ചരിത്രത്തിൽ ഇടംപിടിച്ചത്. കമ്മിറ്റിയിലെ അംഗങ്ങളുടെ പേരെടുത്തു പറഞ്ഞ്, ഇങ്ങനെയൊരു റിപ്പോർട്ടിന്റെ അടിയിൽ ആദ്യത്തെ ഒപ്പിട്ടത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ നയിക്കുന്ന നമ്പൂതിരിപ്പാടാണെന്നു തനിക്ക് വിശ്വസിക്കാനാവില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക സംവരണമെന്ന ആപ്പിന്റെ ഉഗ്രമായ അറ്റം ശ്രീനാരായണ ശിഷ്യൻമാരുടെ അണ്ണാക്കിൽ അതിസമർത്ഥമായി അടിച്ചുകയറ്റിയിരിക്കുന്നു എന്ന് പത്രാധിപർ മുഖ്യമന്ത്രിയെ നോക്കി പറഞ്ഞു. അതൊരു സ്ഫോടനം തന്നെയായിരുന്നു. പ്രസംഗം മുഴുവൻ അക്ഷോഭ്യനായി കേട്ടിരുന്ന മുഖ്യമന്ത്രി യാതൊന്നും പ്രതികരിക്കാതെ സ്ഥലംവിട്ടു. പിന്നീട് ഈ റിപ്പോർട്ട് സർക്കാർ തള്ളി. സാമ്പത്തിക സംവരണവാദം ഉയർത്തി ഇ.എം.എസ് പിന്നീട് രംഗത്തുവന്നപ്പോഴൊക്കെ കെ. സുകുമാരന്റെ 'കുപ്രസിദ്ധമായ കുളത്തൂർ പ്രസംഗം" എന്ന് നിന്ദാസൂചകമായി പരാമർശിച്ച് ആത്മസംതൃപ്തി അടഞ്ഞിട്ടുണ്ട്.
സംവരണത്തിനു ഭീഷണി ഉയർന്ന സന്ദർഭങ്ങളിലൊക്കെ കേരള കൗമുദി, കുളത്തൂർ പ്രസംഗം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ സംവരണം ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ കേരളകൗമുദി ശക്തമായി രംഗത്തുവരികയും ഇടതു സർക്കാരിനു മുട്ടുമടക്കേണ്ടി വരികയും ചെയ്തു.
മദ്ധ്യസ്ഥൻ
പൊതുവെ ഇടതുപക്ഷ സമീപനമുള്ള പത്രമാണ് കേരളകൗമുദിയെങ്കിലും ആരെയും കണ്ണടച്ച് പിന്തുണയ്ക്കുകയോ കണ്ണടച്ച് എതിർക്കുകയോ ചെയ്യുന്ന സമീപനമില്ല. 'രാജിവയ്ക്കണം അല്ലെങ്കിൽ രാജിവയ്പിക്കണം" എന്ന മുഖപ്രസംഗമാണ് 1948ലെ പട്ടം താണുപിള്ള മന്ത്രിസഭയുടെ രാജിയിലെത്തിയത്. വിമോചനസമരത്തെ ആദ്യം എതിർത്തെങ്കിലും പിന്നീട് അതൊരു വൻജനമുന്നേറ്റമായി മാറിയപ്പോൾ, ഇ.എം.എസ് മന്ത്രിസഭ രാജിവയ്ക്കണമെന്ന് മുഖപ്രസംഗമെഴുതി. സർക്കാരുകൾ പ്രതിസന്ധിയിലാകുമ്പോഴും നിർണായക തീരുമാനം എടുക്കേണ്ടപ്പോഴുമൊക്കെ ഭരണകർത്താക്കൾ പത്രാധിപരുടെ മദ്ധ്യസ്ഥം തേടിയിട്ടുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും നേതാക്കളുമായി വളരെ അടുത്ത ബന്ധമാണ് പത്രാധിപർക്ക് ഉണ്ടായിരുന്നത്. അതേസമയം, വിമർശിക്കുമ്പോൾ മൂർച്ചയേറിയ ഭാഷയിൽ വിമർശിച്ചിട്ടുമുണ്ട്.
രാഷ്ട്രീയരംഗത്തും സാഹിത്യ, സാംസ്കാരിക, സാമുദായിക മണ്ഡലങ്ങളിലും കഴിവും പ്രാപ്തിയും സ്വഭാവശുദ്ധിയുമുള്ള ചെറുപ്പക്കാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. മതമോ, രാഷ്ട്രീയമോ ഒന്നും പരിഗണിക്കാത്ത കലർപ്പില്ലാത്ത പരിഗണനയായിരുന്നു അത്. കേരളകൗമുദിയുടെ പ്രോത്സഹാനവും സ്നേഹവും എനിക്കും ആവോളം ലഭിച്ചിട്ടുണ്ട്. പ്രതിസന്ധികളിൽ കൂടെ നിന്നിട്ടുണ്ട്. വീഴ്ത്താൻ ശ്രമിച്ചപ്പോൾ കൈ തന്ന് ഉയർത്തിയിട്ടുണ്ട്. കേരളം ഇന്നു കാണുന്ന രീതിയിൽ രൂപപ്പെട്ടതിനു പിന്നിൽ പത്രാധിപരും കേരളകൗമുദിയും സുപ്രധാന പങ്കുവഹിച്ചു എന്നതിനു ചരിത്രം സാക്ഷി. കേരളത്തിന് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. പത്രാധിപരുടെ ജ്വലിക്കുന്ന ഓർമകളും മാർഗനിർദേശങ്ങളും പിൻതലമുറക്കാർക്ക് എക്കാലവും പ്രചോദനവും ലക്ഷ്യബോധവും പകരുന്നതാണ്.
സ്നേഹവും വാത്സല്യവും
രാഷ്ട്രീയ പ്രവർത്തനരംഗത്ത് വരുന്ന കാലം. എ.കെ. ആന്റണി കെ.എസ്.യു പ്രസിഡന്റ്, ഞാൻ ജനറൽസെക്രട്ടറി. ഞങ്ങൾ രണ്ടുപേരും ഒന്നിച്ചാണ് പത്രാധിപരെ ആദ്യം കാണാൻ ചെല്ലുന്നത്. അദ്ദേഹം ഞങ്ങളോട് കാണിച്ച സ്നേഹവും വാത്സല്യവും ഒരിക്കലും മറക്കാനാവില്ല. ഏതാവശ്യമുണ്ടെങ്കിലും വരണം, ബന്ധപ്പെടണം, ഞങ്ങൾ എല്ലാ പിന്തുണയും നൽകുമെന്ന് പറഞ്ഞു. അതുപോലെ അദ്ദേഹത്തിന്റെ അവസാനനാൾ വരെ വലിയ പ്രോത്സാഹനമാണ് നൽകിയിട്ടുള്ളത്. പലവട്ടം ആന്റണിയുമായി ഒന്നിച്ച് പോയി. ഒറ്റയ്ക്കും പോയിട്ടുണ്ട്. മന്ത്രിയായ ശേഷം 77ൽ പോയി. അദ്ദേഹം മരിക്കുന്നത് വരെ ആ ബന്ധമുണ്ടായിരുന്നു